16
Sep 2024
Mon
16 Sep 2024 Mon
Visakhapatnam information leake

മംഗളൂരു: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ചാര സുന്ദരിയുടെ കെണിയില്‍ വീണ മൂന്ന് പേര്‍ കൂടി എന്‍ഐഎ വലയില്‍. (Naval secrets leaked to pakistan; NIA arrested three in Karwar) പ്രതിഫലം വാങ്ങി നാവിക രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ മൂന്നുപേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍വാര്‍ കഡമ്പ നേവല്‍ ബേസിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് വെതെന്‍ തണ്ടേല്‍ (മുഡ്ഗ), സുനില്‍ (തൊഡുര്‍), അക്ഷയ് നായ്ക് (ഹലവള്ളി) എന്നിവരാണ് അറസ്റ്റിലായത്.

ഫോട്ടോഗ്രഫി നിരോധിത മേഖലകളുടെ ചിത്രങ്ങള്‍, യുദ്ധവിമാനങ്ങളുടെ പോക്കുവരവ് വിവരങ്ങള്‍ തുടങ്ങിയവയാണ് പാക് ചാരവനിതയ്ക്ക് കൈമാറിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ ചാര വനിത മൂന്നുപേരെയും വളച്ചത്. വെതന്‍ നേവല്‍ ബേസില്‍ ജോലി ചെയ്യുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് കൈമാറുകയായിരുന്നു.

ALSO READ: എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിന്റെ കായിക ക്ഷമതാ പരിശോധനയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു

സുനിലാവട്ടെ മൂന്നുവര്‍ഷം മുമ്പുവരെ നേവല്‍ ബേസില്‍ ജോലി ചെയ്ത കാലത്തെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി. ഇയാള്‍ മൂന്നുവര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക് പോയിരുന്നു. പ്രതിമാസം 5000 രൂപയാണ് ചാരപ്പണിക്ക് പ്രതിഫലം നല്‍കിയത്. വെതനും അക്ഷയും എട്ടുമാസം ചാരവനിതയുടെ പേ റോളില്‍ ഉണ്ടായിരുന്നു.

സുനില്‍ നാലു മാസം വാങ്ങി ബന്ധം മുറിച്ചു. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്ത് ദീപക് എന്നയാളെ ചാരവനിതക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റ് ചെയ്തിരുന്നു. അയാളില്‍നിന്നാണ് ഇപ്പോള്‍ അറസ്റ്റിലായവരെക്കുറിച്ച് അറിഞ്ഞത്. വെതനോട് അടുത്ത ദിവസം എന്‍.ഐ.എ ഹൈദരാബാദ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കി. മറ്റു രണ്ടുപേരും അടുത്ത ആഴ്ചയാണ് ഹാജരാവേണ്ടത്.

വിശാഖപട്ടണത്തെ വിവരം ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ഷിപ്പ്‌യാഡിലെ മൂന്ന് മലയാളി ഉദ്യോഗസ്ഥരെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.