ലബനാനിൽ പേജറുകളും വാട്ടിടോക്കികളും കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിനു പിന്നിലെ ഇസ്രായേൽ പങ്ക് അന്വേഷിക്കുന്നതിനിടെ നോർവീജിയൻ പൗരത്വമുള്ള മലയാളി യുവാവിനെക്കുറിച്ചുള്ള വിവരവും പുറത്ത്. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൻ ജോസിനെതിരേയാണ് അന്വേഷണം. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ ഉടമയാണ് റിൻസൻ ജോസ്. ഈ കമ്പനിയാണ് ഹിസ്ബുല്ലയ്ക്ക് പേജറുകൾ വിറ്റതെന്നാണ് വിവരം. വിൽക്കുന്നതിനു മുമ്പ് തന്നെ പേജറുകളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയും ചെയ്തു.
|
സ്ഫോടനങ്ങളിൽ നോർട്ട ഗ്ലോബലിന്റെ പങ്ക് സംബന്ധിച്ച് ആരോപണങ്ങൾക്ക് പിന്നാലെ ബൾഗേറിയ റിൻസൻ ജോസിനും സ്ഥാപനത്തിനുമെതിരേ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തായ് വാൻ കമ്പനിയായ അപ്പോളോ ഗോൾഡാണ് പേജറുകൾ നിർമിച്ചതെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ഹംഗേറിയൻ കടലാസ് കമ്പനിയായ ബിഎസി കൺസൾട്ടിങ്ങാണ് തായ് വാൻ കമ്പനിയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് പേജറുകൾ നിർമിച്ചതെന്നും ഇതിനു പിന്നിൽ ഇസ്രായേലാണെന്നും ന്യൂയോർക്ക് ടൈംസ് റിപോർട്ട് ചെയ്യുന്നു.
ബിഎസി കൺസൾട്ടിങ്ങ് കമ്പനി നിർമിച്ച സ്ഫോടക വസ്തുനിറച്ച പേജറുകൾ റിൻസൻ ജോസിന്റെ നോർട്ട ഗ്ലോബൽ വഴിയാണ് ഹിസ്ബുല്ലയ്ക്ക് കൈമാറിയതെന്നാണ് റിപോർട്ടുകൾ. ബി.എ.സി. കൺസൾട്ടിങ് എന്ന കമ്പനിക്ക് ഓഫിസ് പോലുമില്ലെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്. ബി.എ.സിയുടെ മാനേജിങ് ഡയറക്ടറായ ക്രിസ്റ്റ്യാന ബർസോണി-ആർസിഡിയാക്കോണോ എന്ന യുവതി നോർട്ട ഗ്ലോബലുമായി ബന്ധപ്പെട്ടായിരുന്നു ഇടപാട് നടത്തിയിരുന്നത്. ഇവർ ഇസ്രായേലിന്റെ ചാരയായിരുന്നുവെന്നും റിപോർട്ടുകൾ പറയുന്നു.
സ്റ്റുഡന്റ് വിസയിലാണ് റിൻസൻ ജോസ് പോയത്. പിന്നീട് ഇവിടുത്തെ പൌരത്വം നേടുകയായിരുന്നു. ഇടയ്ക്കിടെ ഇയാള് മാനന്തവാടിയിലെ വീട്ടിലെത്താറുണ്ട്. ലബനാനിലെ സ്ഫോടനങ്ങൾക്കു ശേഷം ഇയാളെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് റിപോർട്ടുകൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





