സിഡ്‌നി: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിലും സാന്നിധ്യമറിയിച്ച് മലയാളി. കോട്ടയം സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് ഓസ്‌ട്രേലിയയിലെ പുതിയ മന്ത്രിസഭയില്‍ ഇടം നേടിയത്. (Jinson Anto Charls is the first Malayali minister in Australia).
|
നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജിന്‍സണ്‍ കായികം, കല, സംസ്‌കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായാണ് നിയമിക്കപ്പെട്ടത്. ഭിന്നശേഷി വകുപ്പുകളുടെ ചുമതലയും ജിന്‍സണുണ്ട്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്.
ഓസ്‌ട്രേലിയന്‍ പ്രാദേശിക സര്‍ക്കാരില്‍ ആദ്യമായി ഇന്ത്യക്കാരന്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയുമുണ്ട് ജിന്‍സണിന്റെ നേട്ടത്തിന്.
ആന്റോ ആന്റണി എം.പിയുടെ സഹോദരപുത്രനായ ജിന്‍സണ്‍, ഇടതുസ്വഭാവമുള്ള ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് വിജയിച്ചത്. പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്‌സി ചാള്‍സിന്റെയും മകനാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്.
2011ല്‍ നഴ്‌സിങ് ജോലിക്കായി ഓസ്‌ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിച്ചിരുന്നു. ഈ അനുഭവ പരിചയവുമായാണ് ജിന്‍സണ്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍നിന്നാണ് ജിന്‍സണ്‍ വിജയിച്ചത്.
ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍െ മുന്‍ പ്രസിഡന്റാണ് ജിന്‍സണ്‍. ഡാര്‍വിനിലെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ചാലക്കുടി സ്വദേശിനി അനുപ്രിയയാണ് ഭാര്യ. എയ്മി കേയ്റ്റ്‌ലിന്‍ ജിന്‍സണ്‍, അന്നാ ഇസബെല്‍ ജിന്‍സണ്‍ എന്നിവരാണ് മക്കള്‍.
ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.
Jinson Anton Charles, a native of Kottayam, has been appointed to the new cabinet in Australia. Jinson, who won the Northern Territory state parliamentary election, was appointed as the minister in charge of sports, arts, culture and youth welfare.


