ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ഉള്ളടക്കം (Child Pornography) കാണുന്നതും സൂക്ഷിക്കുന്നതും പങ്കുവയ്ക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും സംബന്ധിച്ച് അതീവപ്രധാനമായ ഉത്തരവുമായി സുപ്രിംകോടതി. കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ്‌ചെയ്ത് സൂക്ഷിക്കുന്നതും പങ്കുവയ്ക്കുന്നതും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമമായ പോക്‌സോ പ്രകാരം കുറ്റകരമാണെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. വീട്ടിനുള്ളില്‍വച്ച് കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
|
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അത്തരം ഉള്ളടക്കം ശേഖരിക്കുകയും കാണുകയും ചെയ്യുന്ന വ്യക്തികള്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നില്ലെങ്കില്‍ അവ കാണാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചത്.
വിധിന്യായത്തില്‍ മദ്രാസ് ഹൈക്കോടതിക്കെതിരേ പരാമര്‍ശവും സുപ്രിംകോടതിയില്‍നിന്നുണ്ടായി. കുട്ടികളുടെ അശ്ലീല ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്ത് കണ്ട തമിഴ്‌നാട്ടുകാരനായ യുവാവിനെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ ലൈംഗിക വിഡിയോകള്‍ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമാകുകയുള്ളൂ എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാല്‍, ഇത്തരം കേസില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞു. യുവാവിനെതിരേ ക്രിമിനല്‍ നടപടികള്‍ സുപ്രിംകോടതി പുനഃസ്ഥാപിച്ചു.
വിശദമായ ഉത്തരവില്‍ കുട്ടികളുടെ അശ്ലീല ഉള്ളടക്കം സംബന്ധിച്ച വിവിധ നിര്‍ദേശങ്ങളും വ്യാഖ്യാനങ്ങളും സുപ്രിംകോടതി നല്‍കുകയുംചെയ്തു. ‘ചൈല്‍ഡ് പോണോഗ്രഫി’ (കുട്ടികളുടെ അശ്ലീല ഉള്ളടക്കം) എന്ന വാക്കിന് പകരം ‘കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമായ വസ്തുക്കള്‍’ എന്ന വാക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് നടപടികളിലും മറ്റും ചൈല്‍ഡ് പോണോഗ്രഫി എന്ന വാക്ക് ഉപയോഗിക്കരുതെന്നും കീഴ്‌ക്കോടതികള്‍ക്കും മറ്റും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദേശിച്ച കോടതി, അതുവരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്നും സര്‍ക്കാരിനോട് പറഞ്ഞു.
കോടതി ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങള്‍
* കുട്ടികളുടെ പോണോഗ്രാഫിയുടെ നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നത് ഇതുസംബന്ധിച്ച കുറ്റകൃത്യങ്ങള്‍ കുറയാന്‍ സഹായിക്കും.
* ലൈംഗികവിദ്യാഭ്യാസത്തെ പരമ്പരാഗത ഇന്ത്യന്‍ ധാര്‍മിക മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത പാശ്ചാത്യ സങ്കല്‍പ്പമായി വ്യാഖ്യാനിക്കുന്നതുമൂലം സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമാകുന്നുണ്ട്.
* കുട്ടികളുടെ അശ്ലീല ഉള്ളടക്കം കാണുന്നതിലും പങ്കുവയ്ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, അത്തരം പെരുമാറ്റത്തിന് കാരണമാകുന്ന സ്വഭാവവൈകല്യങ്ങളെ ഇല്ലാതാക്കുന്ന തെറാപ്പികള്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്.
* അപകടകരമായ ലൈംഗിക പെരുമാറ്റത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ആവശ്യമാണ്.
* കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വസ്തുക്കളുടെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നത് അതിന്റെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കും.
SC advises Parliament to amend POCSO Act





