കണ്ണൂര്‍: സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പ്രവാസിയില്‍നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടുപേരെ ചോദ്യംചെയ്തതില്‍നിന്ന് വിശദവിവരങ്ങള്‍ പുറത്ത്. ആലപ്പുഴയിലെ യാഫി പുരയിടം വീട്ടില്‍ ഇര്ഫാന് ഇഖ്ബാല്‍ (23), തൃശ്ശൂര്‍ ശാന്തിനഗര്‍ പള്ളിവളപ്പില്‍ ജിതിന് ദാസ് (20) എന്നിവരെ കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് അറസ്റ്റ്ചെയ്തത്. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുനിന്നാണ് പിടികൂടിയത്.
|
കണ്ണൂര്‍ ചാലാട് സ്വദേശിയായ പ്രവാസിയുടെ 12.91 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയെ ബന്ധപ്പെട്ടത്. സി.ബി.ഐ ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് ഇവര്‍ പ്രതികളെ വീഡിയോ കോള്‍ ചെയ്തു. വെര്‍ച്വല്‍ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാന്‍ പണം നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി 13 ലക്ഷം രൂപയോളം അയച്ചുകൊടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ഫോണ്‍ ഓഫാക്കി പ്രതികള്‍ മുങ്ങി.

ചാലാട് മണല്‍ സ്വദേശിയായ പരാതിക്കാരനെ വാട്സാപ്, സ്കൈപ് എന്നീ മാധ്യമങ്ങള്‍ വഴിയാണ് ബന്ധപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സിബിഐയുടേതെന്ന വ്യാജേന പൊലീസ് ഓഫിസറുടെ യൂണിഫോം ധരിച്ചയാള്‍ വിഡിയോ കോളില്‍ വന്ന് ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിച്ച് കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായി സിബിഐ സംഘം വീട്ടിലെത്തുമെന്നു ഭീഷണിപ്പെടുത്തി നാഗ്പുരിലെ SBI ശാഖയിലെ അക്കൗണ്ടാണ് നല്‍കിയത്.
കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികള്‍ വെറും കണ്ണികളാണെന്നും ഇവര്‍ക്ക് പിറകില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നുമാണ് ടൗണ്‍ പോലീസ് പറഞ്ഞത്. ജിതിന് ദാസാണ് ബാങ്ക് അക്കൗണ്ട് എടുത്തുകൊടുത്തത്. ഒരുലക്ഷത്തിന് 1,000 രൂപ കമ്മിഷനാണെന്നും ജിതിന് ദാസ് പോലീസിനോട് പറഞ്ഞു.
പ്രവാസിയുടെ പക്കലില്‍നിന്ന് തട്ടിയെടുത്ത 12.91 ലക്ഷം രൂപ ബാങ്കില്‍നിന്ന് ഇര്ഫാന് ഇഖ്ബാലിന് എടുത്തുനല്കിയതായും ജിതിന് മൊഴി നല്കി. പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Expatriate youth trapped in fraud; 13 lakhs cheated pretending CBI officer


