കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ ബലാല്‍സംഗം ചെയ്തുകൊന്നു. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഒക്ടോബര്‍ എട്ടിനാണ് വിധവയായ 39കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഒക്ടോബര്‍ പത്തിന് പ്രതിയായ രമേഷ് നായിക്കി(32)നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 39കാരിയായ വിധവയെയാണ് രമേഷ് നായിക്ക് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
|
മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ആറുവര്‍ഷമായി വിചാരത്തടവുകാരനായിരുന്നു രമേഷ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കൊലപാതകം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു 39കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് രമേഷ് നായിക്കിന് കൊല്ലപ്പെട്ട സ്ത്രീയുടെ അടുപ്പക്കാരനായ ഒരാളുമായി വഴക്കുണ്ടായിരുന്നതായി ബോധ്യമായി. രമേഷ് നായിക്കിനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചില്ലെന്നതായിരുന്നു പകയ്ക്കു കാരണം. ഇതിന്റെ പ്രതികാരമായാണ് വിധവയായ 39കാരിയെ രമേഷ് നായിക്ക് ബലാല്‍സംഗം ചെയ്തു കൊന്നതെന്നും പോലീസ് കണ്ടെത്തി.
സംഭവദിവസം കൂട്ടുകാരനെയും അയാളുടെ സുഹൃത്തായ വിധവയെയും രമേഷ് നായിക്ക് റസ്റ്റോറന്റില്‍ വിളിച്ചുവരുത്തുകയും മൂവരും ഇവിടുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം രമേഷ് നായിക്ക് ഇരുവര്‍ക്കുമൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തി. ഇവിടെ വച്ച് വഴക്കുണ്ടാവുകയും രമേഷ് ഇരുവരെയും ആക്രമിക്കുകയും ചെയ്തു.
അടിയേറ്റു വീണ കൂട്ടുകാരന് മരിച്ചെന്നു കരുതി രമേഷ് പരിക്കേറ്റ സ്ത്രീയെ എടുത്തുകൊണ്ട് നിര്‍മാണം നടക്കുന്ന വീട്ടിലെത്തുകയും ഇവിടെ വച്ച് ഇവരെ ബലാല്‍സംഗം ചെയ്ത ശേഷം കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് രമേഷ് നായിക്കിനെ പിടികൂടുകയായിരുന്നു. ബലാല്‍സംഗം, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.


