പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ ആഞ്ഞടിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി.സരിന്റെ വാര്‍ത്താ സമ്മേളനം.(Sarin lashes out at VD Satheesan; Congress sacked Sarin) വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്താ കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു.
|
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നാണ് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവര്‍ത്തിയെപ്പോലെയാണ് സതീശന്‍. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്ത് കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം.
അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കണ്ടില്ല. എന്നാല്‍ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.
ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശന്‍ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും.
2024ലെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കൊണ്ടു തന്നെയാണെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂര്‍വം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാല്‍ ചില വോട്ടുകള്‍ കൂടുതലായി ചിലര്‍ക്ക് കിട്ടും എന്നത് യാഥാര്‍ഥ്യമാണെന്നും സരിന്‍ ആരോപിച്ചു.
തനിക്ക് ഇടതുപക്ഷത്തില്‍ ഇടമുണ്ടോ എന്ന് പറയേണ്ടത് അവരാണെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സരിന്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള സാധ്യതയും തെളിഞ്ഞു.





