കണ്ണൂര്‍: ഇരിട്ടി പുന്നാട് അശ്വിനി കുമാര്‍ വധക്കേസില്‍ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. (Ashwini Kumar Murder; 13 NDF workers acquitted; One is guilty) മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു.
|
ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്കിനെ മാത്രമാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും. 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
2005 മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ സംഭവം. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവുമായ അശ്വിനി കുമാറിനെ ബസ്സിനുള്ളില്‍ കയറിയാണ് വെട്ടികൊലപ്പെടുത്തിയത്.
രാവിലെ 10.45ന് കണ്ണൂരില്‍ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കില്‍വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു അശ്വിനികുമാര്‍.
അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു.
മാസങ്ങള്‍ക്കു മുമ്പ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ പുന്നാട് മുഹമ്മദ് കൊല്ലപ്പെട്ടതിനുള്ള പ്രതികാരമയാിരുന്നു ഇതെന്നാണ് പോലീസ് നിഗമനം.
കേസില്‍ 14 എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. നാല് പ്രതികള്‍ ബസ്സിനുള്ളില്‍ കയറി അശ്വിനി കുമാറിനെ ആക്രമിച്ചുവെന്നും അഞ്ച് പേര്‍ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
ശിവപുരം വെമ്പടിയിലെ പുതിയ വീട്ടില്‍ അസീസ്(44), മയ്യില്‍ കണിയാറക്കല്‍ തെയ്ത്തും വളപ്പില്‍ നൂഹുല്‍ അമീന്‍(42), ചാവശ്ശേരിയിലെ പി എം സിറാജ്(44), ശിവപുരത്തെ സി പി ഉമ്മര്‍(42), ഉളിയിലെ എം കെ യൂനുസ്(45), ഉളിയിലെ ആര്‍ കെ അലി(47), ചാവശ്ശേരിയിലെ പി കെ ഷമീര്‍(40), കോളാരിയിലെ കെ നൗഫല്‍(41), പായത്തെ ടി യാക്കൂബ്(43), ഉളിയില്‍ നരയമ്പാറയിലെ മുസ്തഫ(49), പുന്നാട്ടെ വൈയ്യാപ്പുറത്ത് ബഷീര്‍(55), ഇരിക്കൂറിലെ കെ ഷമ്മാസ്(37), ഇരിക്കൂറിലെ കെ ഷാനവാസ്(37) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
നേരത്തെ ഒന്നാം പ്രതി അസീസ് നാറാത്തിനെ ആയുധ പരിശീലന കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. പത്താം പ്രതി യാക്കൂബും പന്ത്രണ്ടാം പ്രതി ബഷീറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ വധിച്ച കേസില്‍ ജീവപര്യന്തം അനുഭവിക്കുകയാണ്.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി സി നൗഷാദ്, അഡ്വ. രഞ്ജിത് മാരാര്‍ എന്നിവര്‍ ഹാജരായി. വിധി ദുഖകരമാണെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. കേസില്‍ അപ്പീല്‍ പോവുമെന്നും വല്‍സന്‍ അറിയിച്ചു.


