ബംഗളൂരു: സംഘപരിവാര വിദ്വേഷപ്രചാരണത്തിന് പിന്നാലെ വഖ്ഫ് കൈയേറ്റക്കാര്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്നും നോട്ടീസിന്റെ പേരില്‍ നടപടിയെടുക്കരുതെന്നും എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി കര്‍ണാടക ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തില്‍ റവന്യൂ രേഖകള്‍ അന്തിമമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
വഖ്ഫ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും കത്തുകളും പിന്‍വലിക്കാന്‍ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചതായും പരമേശ്വര പറഞ്ഞു. ഭൂമി 50 വര്‍ഷം മുമ്പ് തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി വഖ്ഫ് ബോര്‍ഡ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവ സ്ഥിരീകരിക്കുന്നതിന് വഖ്ഫിന്റെയും റവന്യൂവകുപ്പിന്റെയും രേഖകള്‍ ഒത്തുപോകണം. ഒത്തുചേരുന്നില്ലെങ്കില്‍ റവന്യൂ രേഖകളായിരിക്കും പരിഗണിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
വിജയപുര ജില്ലയില്‍ ഏതാനും കര്‍ഷകര്‍ കൈവശംവെച്ച ഭൂമി ഏറ്റെടുക്കാനായി വഖ്ഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഹിന്ദുത്വസംഘടനകള്‍ ഇതു വലിയവിവാദമാക്കുകയും വിദ്വേഷപ്രചാരങ്ങള്‍ നടത്തിവരികയും ചെയ്യുന്നതിനിടെയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി.
ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ് മന്ത്രി ബി. ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ പങ്കെടുത്തില്ല.
അതേസമയം, വഖ്ഫ് ഭൂമിയിലെ കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയത് ബി.ജെ.പി സര്‍ക്കാരാണെന്ന് ഉപമുഖ്യമന്ത്രിഡി.കെ ശിവകുമാര്‍ പറഞ്ഞു. വഖ്ഫ് നിയമം അനുസരിച്ച് നോട്ടീസ് നല്‍കാനും റവന്യൂ രേഖകള്‍ മാറ്റാനും തുടക്കമിട്ടത് ബി.ജെ.പിയാണ്. ഒരു കര്‍ഷകനെയും കുടിയൊഴിപ്പിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Karnataka govt withdraw of waqf notice to farmers





