പട്‌ന: പ്രശസ്ത ഗായികയും പത്മഭൂഷന്‍ ജേതാവുമായ ശാരദ സിന്‍ഹ അന്തരിച്ചു. 72 വയസ്സുണ്ട്. ഒക്ടോബര്‍ 27 മുതല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2018 മുതല്‍ ബ്ലഡ് ക്യാന്‍സറും അവരെ അലട്ടുകയുണ്ടായി. മകന്‍ അന്‍ഷുമാന്‍ സിന്‍ഹയാണ് ഇന്‍സ്റ്റാഗ്രാമില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
|
‘നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എപ്പോഴും എന്റെ അമ്മയ്‌ക്കൊപ്പം നിലനില്‍ക്കും. ദൈവം അവരെ തന്നിലേക്ക് വിളിച്ചു. അവര്‍ ഇപ്പോള്‍ ശാരീരിക രൂപത്തില്‍ ഞങ്ങളോടൊപ്പമില്ല- തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ശാരദ സിന്‍ഹയുടെ ഫോട്ടോ സഹിതം അന്‍ഷുമാന്‍ കുറിച്ചു.
‘ബിഹാര്‍ കോകില’ എന്നറിയപ്പെടുന്ന ശാരദ സിന്‍ഹ ഭോജ്പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് 2018 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചത്. ഉത്തരേന്ത്യയില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രേറ്റഡ് ഗായികയായിരുന്നു. ബീഹാറിന്റെ പരമ്പരാഗത സംഗീതം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു.
കെല്‍വാ കേ പാട് പര്‍ ഉഗാലന്‍ സൂരജ് മാല്‍ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പര്‍ എന്നിവയാണ് അവളുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍.
ശാരദ സിന്‍ഹയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ‘ശാരദാ സിന്‍ഹയുടെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അവരുടെ മൈഥിലി, ഭോജ്പുരി നാടന്‍ പാട്ടുകള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വളരെ ജനപ്രിയമാണ്. വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ഛത്തുമായി ബന്ധപ്പെട്ട അവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ എക്കാലവും നിലനില്‍ക്കും. അവരുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഈ ദുഃഖസാന്ദ്രമായ സമയത്ത് എന്റെ അനുശോചനം അവരുടെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമുണ്ട്.- മോദി ട്വീറ്റ്‌ചെയ്തു.
Folk singer Sharda Sinha passes away





