27
Nov 2024
Thu
27 Nov 2024 Thu
SUPREME COURT NIA

ന്യൂഡല്‍ഹി: കേരളത്തിലെ 17 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി വിധിക്കെതിരേ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഈ മാസം 18ന് പരിഗണിക്കും(Supreme Court to hear NIA appeal against bail granted to Popular Front activists in Kerala on 18th)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ എ.എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി 17 വ്യത്യസ്ത അപ്പീലുകള്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 25നാണ് 17 പ്രതികള്‍ക്കു ജാമ്യം ലഭിച്ചത്. ഒമ്പതു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

മുഴുവന്‍ അപ്പീലുകളും ഈ മാസം 8ന് പരിഗണിക്കാനായിരുന്നു സുപ്രിം കോടതി തീരുമാനിച്ചിരുന്നത്. സാങ്കേതിക തടസ്സങ്ങള്‍ കാരണം 18ലേക്ക് മാറ്റുകയായിരുന്നു.

ALSO READ: കേരളത്തിലെ 17 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച് എന്‍ഐഎ

ഇതോടൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളായ കരമന അഷ്റഫ് മൗലവി, മുഹമ്മദലി, യഹ്യ തങ്ങള്‍, മുഹമ്മദ് റഊഫ്, അബ്ദുല്‍ സത്താര്‍, സദ്ദാം ഹുസൈന്‍, അഷ്റഫ് നൗഷാദ്, അന്‍സാരി ഈരാറ്റുപേട്ട എന്നിവര്‍ നല്‍കിയ അപ്പീലും 18ന് സുപ്രിം കോടതി പരിഗണിക്കും.

ഉപാധികളോടെയാണ് 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, ഇതിന്റെ വിവരങ്ങള്‍ പൊലീസിനു നല്‍കണം, ജിപിഎസ് ലൊക്കേഷന്‍ വിവരങ്ങള്‍ മുഴുവന്‍ സമയവും അന്വേഷണ ഉദ്യോഗസ്ഥനു ലഭ്യമായിരിക്കണം, കേരളം വിട്ടുപോകരുത്, പാസ്പോര്‍ട്ട് പൊലീസിനു സമര്‍പ്പിക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ്വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് എന്നിവര്‍ ജയില്‍ മോചിതരായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ചാണ് യുഎപിഎ കേസില്‍ എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. പാലക്കാട് ശ്രീനിവാസന്‍ വധത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പിന്നീട് ഇവരുടെ മേല്‍ ചുമത്തുകയായിരുന്നു.

2022 ഏപ്രില്‍ 16നാണ് പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. തുടക്കത്തില്‍ 51 പേരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ ഒളിവിലാണ്. 2022 ജൂലൈയിലും ഡിസംബറിലുമായി പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.