മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള കോൺസെൻ്റ് സെക്സും ബലാത്സംഗം ആണ് എന്ന നിർണായക ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാമെന്നും ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതിയുടെ നിർണായക വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ നടപടി.
|
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്ന കേസ് ആണ് ഹൈക്കോടതി തീർപ്പാക്കിയത്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം അനുഭവങ്ങൾ ഇല്ലാതാകുന്നില്ലെന്നും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിനു വേണ്ടിയാണെന്നും മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയയുടെ പരാതിയിൽ കോടതി വ്യക്തമാക്കി. പിതാവും സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്നതാണ് കുടുംബം. അയൽക്കാരനായ യുവാവ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
2019ലാണ് അതിജീവിത പൊലീസിൽ പരാതി നൽകുന്നത്. ഇതിന് നാല് വർഷം മുമ്പുതന്നെ പരാതിക്കാരനുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടി ശാരീരിക ബന്ധത്തിന് തയാറായിരുന്നില്ല. ഇതിനിടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് പെൺകുട്ടി അടുത്ത പട്ടണത്തിൽ ജോലിക്ക് പോയിത്തുടങ്ങി. പെൺകുട്ടിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്യാൻ യുവാവ് തുടങ്ങി. ഈ സാഹചര്യം ആണ് പ്രതി ചൂഷണം ചെയ്തത്. പെൺകുട്ടിയുടെ താൽപര്യം അവഗണിച്ച് നിർബന്ധിച്ച് ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. സംഭവം വിവാദമായതോടെ യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതിന് ശേഷവും പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി. ഗർഭഛിദ്രം നടത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു. കുട്ടിയുടെ പിതൃത്വം നിഷേധിച്ചും പീഡനം തുടർന്നതോടെ ആണ് പൊലീസിനെ സമീപിച്ചത്. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവിൽ പത്ത് വർഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. കീഴ്ക്കോടതി ശിക്ഷ ചോദ്യം ചെയ്തു ആണ് പ്രതി മേൽക്കോടതിയെ സമീപിച്ചത്.
Consensual sex with minor wife and rape says Bombay High Court





