27
Nov 2024
Fri
27 Nov 2024 Fri
kollam pfi workers imprisonment

കൊല്ലം: സിപിഎം പ്രവര്‍ത്തകരായ 3 പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 7 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം കഠിന് തടവ്. (Case of attempted murder of CPM workers; 7 Popular Front workers sentenced to rigorous imprisonment) പ്രതികള്‍ 30,000 രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുമ്പന കുളപ്പാടം ഷാലുവിള വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (34), മുട്ടയ്ക്കാവ് നവജീവന്‍ ജംക്ഷന്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദ് (38), നെടുമ്പന പുന്നൂര്‍ ചരുവിള ഹബീബ് മന്‍സിലില്‍ ഷഹീര്‍ മുസല്യാര്‍ (44), കുളപ്പാടം പുത്തന്‍കട ജംക്ഷന്‍ ജബീര്‍ മന്‍സിലില്‍ മുഹമ്മദ് താഹിര്‍ (32), പുത്തന്‍കട ജംക്ഷന്‍ സലിം മന്‍സിലില്‍ സലിം (35), കുളപ്പാടം വിളയില്‍ വീട്ടില്‍ അബ്ദുല്‍ ജലീന്‍ (43), തൃക്കോവില്‍വട്ടം ചരുവിള പുത്തന്‍വീട്ടില്‍ കിറാര്‍ (ദിറാര്‍39) എന്നിവരെയാണ് കൊല്ലം അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഡോ.ടി.അമൃത ശിക്ഷിച്ചത്.

ALSO READ: കേരളത്തിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരായ എന്‍ഐഎ അപ്പീല്‍ സുപ്രിം കോടതി 18ന് പരിഗണിക്കും

കേസില്‍പ്പെട്ട ഒന്നാം പ്രതി ഉള്‍പ്പെടെ 4 പേര്‍ ഒളിവിലാണ്. ഒന്നാം പ്രതി കുളപ്പാടം പുത്തന്‍കട ജംക്ഷന്‍ ജാബിര്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വര്‍ (അനു-35), ആറാം പ്രതി പള്ളിമണ്‍ ഇളവൂര്‍ അഭിലാഷ് ഭവനില്‍ ഷാന്‍ (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണയ്ക്കിടെ ഒളിവില്‍ പോവുകയായിരുന്നു. ഒന്‍പതാം പ്രതി ഷാഫി, പതിനൊന്നാം പ്രതി ഹുസൈന്‍ എന്നിവരും ഒളിവിലാണ്.

കുളപ്പാടം ജംക്ഷന് സമീപം 2012 ജനുവരി 3 നു പുലര്‍ച്ചെ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഎം പ്രവര്‍ത്തകരായ നിസാം, രഞ്ജിത്ത്, സെയ്ഫുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു കേസ്. സെയ്ഫുദ്ദീന്‍, രഞ്ജിത്ത് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പാര്‍ട്ടി സമ്മേളനത്തിന്റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്കു പോവുകയായിരുന്നു യുവാക്കളെ പ്രതികള്‍ രാഷ്ട്രീയ വിരോധത്താല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

പ്രദേശത്ത് നേരത്തേ സിപിഎം-പോപുലര്‍ ഫ്രണ്ട് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രണമെന്നാണ് കരുതുന്നത്.

പിഴത്തുകയില്‍ നിന്ന് 50,000 രൂപവീതം പരുക്കേറ്റവര്‍ക്കു നല്‍കാന്‍ കോടതി ഉത്തരവായി. പ്രതികളില്‍ നിന്നു കണ്ടെടുത്തുവെന്ന് പറയുന്ന 3 വാളും 3 കമ്പി വടികളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊട്ടിയം സിഐ ആയിരുന്ന എസ്. അനില്‍ കുമാറാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.