ചെന്നൈ: വന്ദേ ഭാരതില്‍ നല്‍കിയ ഭക്ഷണത്തില്‍ പ്രാണികളെ കണ്ടെത്തിയ സംഭവം സ്ഥിരീകരിച്ച് റെയില്‍വേ. സംഭവത്തില്‍ ക്ഷമ ചോദിച്ച ദക്ഷിണ റെയില്‍വേ വിതരണം ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് പിഴ ചുമത്തി.
|
കഴിഞ്ഞദിവസം തിരുനെല്‍വേലി – ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടത്. ഇത് ജീരകമാണെന്ന് ആദ്യം ന്യായീകരിച്ചെങ്കിലും വിവാദമായതോടെ ക്ഷമ ചോദിച്ച്, ഭക്ഷണം വിതരണം ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് റെയില്‍വേ പിഴ ചുമത്തുകയായിരുന്നു.
സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്‍വേലി – ചെന്നൈ വന്ദേ ഭാരതിലെ ഇ2 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികള്‍ ഉണ്ടായിരുന്നത്. യാത്രക്കാരന്‍ പരാതിപ്പെട്ടപ്പോള്‍, പ്രാണികളെല്ലെന്നും ഭക്ഷണത്തില്‍ ഉപയോഗിച്ച ജീരകമാണെന്നുമായിരുന്നു മറുപടി.
ALSO READ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍
സാമ്പാറിലെ പ്രാണികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയില്‍വേ വിഷയത്തില്‍ ഗൗരവപരമായി ഇടപെട്ടത്. റെയില്‍വേ ചീഫ് കാറ്ററിങ് ഇന്‍സ്പെക്ടറും ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്പെക്ടറും നടത്തിയ പരിശോധനയില്‍ പ്രാണികള്‍ തന്നെയാണെന്ന് ഉറപ്പായതോടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിയോടെ ട്രെയിന്‍ മധുര സ്റ്റേഷന്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. വന്ദേ ഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് തിരുനെല്‍വേലിയില്‍ നിന്ന് എത്തിച്ച ഭക്ഷണം ആണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സാമ്പാര്‍ ട്രെയിനിലേക്ക് എത്തിച്ച പാത്രത്തിന്റെ മൂടിയിലാണ് പ്രാണികളുണ്ടായിരുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
ഭക്ഷണത്തില്‍ പ്രാണികളുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ റെയില്‍വേ ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ യാത്രക്കാരന്‍ പരാതി നല്‍കിയിരുന്നു. അധികൃതര്‍ നടത്തിയ പരിശോധനയില്‍ കാസ്‌റോള്‍ കണ്ടെയ്നറിന്റെ അടപ്പില്‍ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് നടപടിയെടുത്തത്.





