21
Nov 2024
Fri
21 Nov 2024 Fri
one crore rupees compensation for Kerala expats family who stabbed to death in KSA

സൗദിയിലെ ജുബൈലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്ന മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം. 2023 ജനുവരിയില്‍ ജുബൈലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജുബൈലിലെ ഒരു കെമിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. നാല് ലക്ഷം റിയാല്‍ ആണ് ഇന്‍ഷുറന്‍സ് കമ്പനി മുഹമ്മദിലുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അനുവദിച്ചത്. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി മഹേഷ് ആണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയുടെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

മുഹമ്മദലിയുടെ കുത്തിയ മഹേഷിനെ പിന്നീട് കഴുത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ മഹേഷിന് ഉണ്ടായിരുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മുഹമ്മദലിയെ കുത്തിയതിന്റെ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ ആണ് സംസ്‌കരിച്ചത്.

മെഷിനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന മഹേഷ് കൊലക്കേസില്‍ ജയിലില്‍ കഴിയുകയാണിപ്പോള്‍. കമ്പനിയുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര ഇന്‍ഷുറന്‍സ് തുക ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ കെഎംസിസി നേതാവ് ഉസ്മാന്‍ ഒട്ടുമ്മലുമായി ബന്ധപ്പെടുകയും കമ്പനി ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറുകയുമായിരുന്നു. താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും. താഹിറയാണ് മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കളുണ്ട്.