തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ. യു.ഡി.എഫ് അനുകൂലതരംഗത്തില് മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം പോയത്. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
|
നാട്ടിക പഞ്ചായത്തിലെ 9ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്മുഖന് മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി- 3 എന്നിങ്ങനെയായിരുന്നു. 9ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി.
തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 130 വോട്ടുകള്‍ക്കാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജയം.
തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് കോണ്‍ഗ്രസും കൊടുങ്ങല്ലൂര്‍ നഗരസഭ വാര്‍ഡ് ബിജെപിയും നിലനിര്‍ത്തി.
പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.
കൊല്ലത്തെ പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അലി തേക്കത്ത് 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് സിപിഎമ്മിന്റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു.
പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡ് യു.ഡി.എഫില്‍നിന്ന് ബിജെപി പിടിച്ചെടുത്തു.
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്.
മലപ്പുറം മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന് സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ച ഡിവിഷനാണിത്.
മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.
UDF advances in local body by-elections; Left Front loses power in three panchayast


