ഗസ: ഗുരുതര രോഗികളെയടക്കം കൊടും തണുപ്പിലേക്ക് ഇറക്കി വിട്ട് തീയിട്ട് നശിപ്പിച്ച ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സേന നടത്തിയത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരത. (Shocking cruelty of the Israeli army in a Gaza Kamal Adwan hospital) ബോംബുകള്‍ വര്‍ഷിക്കുന്നതിനിടയിലും രോഗികളെ പരിചരിക്കാന്‍ സ്വയം സമര്‍പ്പിച്ച നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ക്രൂരമായ ആക്രമണത്തിനും ലൈംഗികപീഡനത്തിനും ഇരയാക്കിയതായി ജനീവ ആസ്ഥാനമായുള്ള അന്താരാഷ്ട മനുഷ്യാവകാശ പ്രസ്ഥാനമായ യൂറോ-മെഡ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
|
ആശുപത്രിയില്‍ ജീവനക്കാരടക്കമുള്ളവരെ സൈന്യം പരസ്യമായി വെടിവെച്ചുകൊന്നതായും തട്ടിക്കൊണ്ടുപോയ കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസ്സാം അബൂ സാഫിയ അടക്കമുള്ളവരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രമുരിയുകയും സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ബലം പ്രയോഗിച്ച് സ്പര്‍ശിക്കുകയും ചെയ്തു.
ALSO READ: കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടരവയസ്സുകാരന്‍ മരിച്ചു
ഇസ്രായേല്‍ അധിനിവേശ സേന തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ഉത്തര ഗസയിലെ അവശേഷിക്കുന്ന പ്രധാന ആശുപത്രിയായ കമാല്‍ അദ്‌വാനില്‍ വെള്ളിയാഴ്ചയാണ് സൈന്യം അഴിഞ്ഞാടിയത്. രോഗികളെയും ജീവനക്കാരെയുമടക്കം ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ നടത്തിയതിന് തങ്ങള്‍ ദൃക്‌സാക്ഷികളായതായി സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ യൂറോ-മെഡ് മോണിറ്ററിന് മൊഴി നല്‍കി.
ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നിന്ദ്യമായ ശാരീരികോപദ്രവത്തിനും വിധേയരാക്കിയതായി യൂറോ-മെഡ് മോണിറ്റര്‍ പറഞ്ഞു. ”ഒരു നഴ്‌സിന്റെ വസ്ത്രം ഇസ്രായേല്‍ പട്ടാളക്കാരന്‍ ബലം പ്രയോഗിച്ച് അഴിപ്പിച്ചു. എന്നിട്ട് അവരുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ശക്തമായി അടിച്ചു. അവരുടെ മൂക്കില്‍ നിന്ന് രക്തം വന്നു’ -ദൃക്‌സാക്ഷിയായ സ്ത്രീ യൂറോ മെഡ് ഫീല്‍ഡ് ടീമിനോട് പറഞ്ഞു. പലരുടെയും വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസിക വിഭ്രാന്തിയുള്ള കുട്ടിയെ അടക്കം ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതായി 44 കാരനായ പാരാമെഡിക്കല്‍ സ്റ്റാഫ് മൊഴി നല്‍കി. ”ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് പരിക്കേറ്റ അഞ്ച് പേരെ യുദ്ധടാങ്കിന് മുന്നില്‍ നടക്കാന്‍ നിര്‍ബന്ധിച്ചു. പെട്ടെന്ന് അവരെ അഞ്ചുപേരെയും വെടിവെച്ചു കൊന്നു’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, അധിനിവേശ സേന അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസ്സാം അബൂ സാഫിയ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇദ്ദേഹമടക്കം നിരവധി ആശുപത്രി ജീവനക്കാരെ സേന ബലംപ്രയോഗിച്ച് തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി ആശുപത്രി ഒഴിപ്പിച്ച് സര്‍ജറി വിഭാഗത്തിനും ലാബിനും തീവെച്ച ശേഷമായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്.
ആശുപത്രിക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് മെഡിക്കല്‍ സ്റ്റാഫ് അടക്കം 50 പേര്‍ കൊല്ലപ്പെട്ടതായി ഡോ. ഹുസ്സാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവസാന ശ്വാസം വരെയും ആശുപത്രിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗസ്സയില്‍ 451 ദിവസമായി തുടരുന്ന നരനായാട്ടില്‍ 45,500 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. 1,08,090ലേറെ പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കണക്കാക്കാന്‍ പോലുമായിട്ടില്ല.


