23
Jan 2025
Thu
23 Jan 2025 Thu
Riyad Keli helps Kerala expat to go home back

റിയാദ്: ജീവിതം മെച്ചപ്പെടുത്താന്‍ 17 വര്‍ഷം മുമ്പ് നാട് വിട്ടതാണ് തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖര്‍. ഒടുവില്‍ സ്വപ്‌നങ്ങള്‍ പൂവണിയാതെ ഒരു ഭാഗം തളര്‍ന്ന ശരീരവുമായി റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെ സഹായത്തോടെ നിര്‍മാണ തൊഴിലാളിയായ ബിജു നാടണഞ്ഞു. ബിജുവിനെ ഒരു വശം തളര്‍ന്ന നിലയില്‍ കണ്ട സുഹൃത്തുക്കള്‍ സഹായത്തിനായി കേളി അധികൃതരെ സമീപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേളി ബത്ത ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം, ജീവവാകാരുണ്യ കമ്മിറ്റി അംഗം എബി വര്‍ഗീസ് എന്നിവര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇഖാമയോ ഇന്‍ഷൂറന്‍സോ ഇല്ലെന്ന വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ വിവിധ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഒരു സ്വകാര്യ ക്ലിനിക്കിന്റെ സഹായത്താല്‍ താല്‍ക്കാലിക ചികിത്സ ലഭ്യമാക്കുകയും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലേക്ക് എത്തിക്കുകയും ചെയ്തു.
ചികിത്സ ലഭ്യമാക്കി സംസാരിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് നാട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ വേണ്ടി കാര്യങ്ങള്‍ അന്വേഷിക്കുന്നത്. 2007ല്‍ ആണ് ബിജു ശേഖര്‍ റിയാദില്‍ എത്തിയത്. സൗദിയിലെത്തിയ ഇദ്ദേഹം മക്കളുടെ ചിലവിനായി ഇടക്കിടെ പണം നാട്ടിലെത്തിച്ചതായി പറയുന്നു. എന്നാല്‍ നാട്ടില്‍ പോകുകയോ മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നും സമ്മതിക്കുന്നു.

റിയാദില്‍ എത്തി സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറി ജോലിയില്‍ പ്രവേശിച്ച ബിജു ശേഖരിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഇഖാമ ലഭിച്ചു. ആദ്യ ഇഖമാക്ക് ശേഷം പിന്നീട് സ്പോണ്‍സറുമായി ബന്ധപ്പെടുകയോ ഇഖാമ പുതുക്കുകയോ ചെയ്തിട്ടില്ല. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് അധികം കൂട്ടുകൂടാത്തെ സ്വയം ഒതുങ്ങി കൂടുന്ന പ്രകൃതക്കാരനായിരുന്നു. അതിനാല്‍ തന്നെ നാട്ടില്‍ പോകുന്നതിനെ കുറിച്ച് ആരും തന്നെ അന്വേഷിച്ചതുമില്ല.

ഒടുവില്‍ അസുഖ ബാധിതനായപ്പോഴാണ് നാട്ടില്‍ പോകണമെന്ന് ആഗ്രഹം ഉണ്ടായത്. രണ്ടാം വര്‍ഷം തന്നെ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയിരുന്നു. ഇയാളുടെ അവസ്ഥ വിവരിച്ച് കേളി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസി കാര്യമായി തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എമര്‍ജന്‍സി പാസ്‌പോര്‍ട്ട് തയ്യാറാക്കി തര്‍ഹീലില്‍ നിന്നും എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ധീന്‍, നസീംഖാന്‍ എന്നിവരുടെ ശ്രമഫലമായി ഒറ്റ ദിവസം കൊണ്ട് എക്‌സിറ്റ് ലഭിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത ദിവസത്തെ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത് തരപ്പെടുത്തി.

കേളി ജീവകാര്യണ്യ വിഭാഗം വീല്‍ ചെയറിനുള്ള പേപ്പര്‍ വര്‍ക്കുകളും, കൂടെ പോകാനുള്ള ആളെയും തയ്യാറാക്കി നല്‍കി. ആലപ്പുഴ സ്വദേശി സുധീഷ് കൂടെ അനുഗമിച്ചു. എബി വര്‍ഗീസ് ഇദ്ദേഹത്തെ റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഷാജി കെ കെ എന്നിവരുടെ സമയോചിതമായ ഇടപെടലുകള്‍ കാരണം നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ബിജു ശേഖറിനെ സഹോദരങ്ങള്‍ സ്വീകരിച്ചു.