റിയാദ്: സൗദി ഗതാഗത മേഖലയില്‍ മൂന്ന് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ വരുമെന്ന് ജനറല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത-ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയുമായ ഡോ. റുമൈഹ് അല്‍റുമൈഹ്. (Three hundred thousand new job opportunities are coming to Saudi Arabia)
|
റിയാദില്‍ ഇന്റര്‍നാഷനല്‍ ലേബര്‍ മാര്‍ക്കറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായി. സൗദി പൗരന്മാരുടെ പങ്കാളിത്തം 47 ശതമാനം വര്‍ധിച്ചു.
ഗതാഗത മേഖലയിലെ സൗദി വനിതകളുടെ പങ്കാളിത്തവും ഇക്കാലയളവില്‍ 84 ശതമാനം വര്‍ധിച്ചു.
സ്ത്രീകള്‍ ട്രെയിനുകള്‍ ഓടിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടങ്ങളുണ്ടാക്കിയതെന്നും അല്‍റുമൈഹ് പറഞ്ഞു.
ഗതാഗത-ലോജിസ്റ്റിക്‌സ് സേവന മന്ത്രാലയം മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ക്ക് പദ്ധതി വികസിപ്പിച്ചെടുത്തതിനാല്‍ വ്യോമയാന, റെയില്‍വേ, നാവിക മേഖലകളില്‍ നാലിരട്ടി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് അല്‍റുമൈഹ് സൂചിപ്പിച്ചു.
വ്യോമയാനം, തുറമുഖം, റെയില്‍വേ, ലോജിസ്റ്റിക്സ് സേവന മേഖലകളുടെ സ്വകാര്യവത്കരണം ആരംഭിച്ചതായും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി വെളിപ്പെടുത്തി.
സ്വകാര്യവല്‍ക്കരിക്കപ്പെട്ടതോ ഭാവിയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതോ ആയ ചില കമ്പനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സൗദി പോസ്റ്റ് (സബില്‍), സൗദി അറേബ്യന്‍ റെയില്‍വേ (എസ്.എ.ആര്‍) എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഫലപ്രാപ്തി വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ നല്‍കാനും ഇത് ലക്ഷ്യമിടുന്നു.
തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ സാങ്കേതിക വൈദഗ്ധ്യം പരിശീലിപ്പിക്കുന്നതിന് രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അല്‍റുമൈഹ് പറഞ്ഞു.


