യുഎഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ താമരശ്ശേരി മരിച്ചെന്ന് വ്യാജ പ്രചാരണം. (I am alive and well; Ashraf Thamarassery responds to fake news) വാര്‍ത്ത കണ്ട് നിരവധി പേര്‍ നേരിട്ട് വിളിച്ചതോടെ, താന്‍ ജീവനോടെ, സുഖമായി ഇരിപ്പുണ്ടെന്ന് പറഞ്ഞ് അഷ്‌റഫ് താമരശ്ശേരി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, പുറമെ ലൈവിലും വന്ന് വാര്‍ത്ത നിഷേധിച്ചു.
|
”ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍, നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍കോളുകളും നിരവധി.”
”സുഹൃത്തുക്കളേ, എന്നെ സ്‌നേഹിക്കുന്നവരേ സര്‍വശക്തന്റെ അപാരമായ അനുഗ്രഹത്താല്‍ ഞാന്‍ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ട്. ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ്സോടെ സാമൂഹികസേവനം തുടരാന്‍ നിങ്ങള്‍ ഏവരും പ്രാര്‍ത്ഥിക്കൂ. എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം.”
ALSO READ: യുവതിയെ പീഡിപ്പിക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സിദ്ധനും ശിഷ്യനും പിടിയില്‍
ഇന്നലെ അജ്മാനില്‍ വെച്ച് മരണപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് തലശ്ശേരിയുടെ മരണവാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ച ആരോ ആണ് അഷ്‌റഫ് താമരശ്ശേരിയുടെ ഫോട്ടോ അടക്കം വെച്ച് വാര്‍ത്ത പ്രചരിപ്പിച്ചത്.
വാര്‍ത്ത നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം വലിയ ചര്‍ച്ചയായി. നിജസ്ഥിതി അറിയാന്‍ നിരവധി പേര്‍ അഷ്‌റഫ് താമരശ്ശേരിയെ വിളിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
2021 ജൂണില്‍ അഷ്‌റഫ് താമരശ്ശേരിയെക്കുറിച്ച് സമാനമായ രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിന് ഒരു വര്‍ഷം മുമ്പ് നടുവേദന കാരണം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നതിന്റെ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. അന്ന് വികാരഭരിതമായ രീതിയിലാണ് അഷ്‌റഫ് താമരശ്ശേരി അതേക്കുറിച്ച് പ്രതികരിച്ചത്.


