ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പള്ളിക്ക് നേരെ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചാതണെന്നാരോപിച്ചാണ് നീക്കം. (Bulldozer to demolish mosque in UP; BSF provides security) പോലീസിന്റെയും ബിഎസ്എഫിന്റെയും സംരക്ഷണയിലാണ് പൊളിക്കല്‍ നടപടി.
|
കുശിനഗര്‍ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്ജിദിന്റെ ഭാഗമാണ് ഞായറാഴ്ച പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. പള്ളിക്കെതിരായ നടപടിയില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ടായിരുന്നു. ശനിയാഴ്ച ഇതിന്റെ സമയപരിധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ബുള്‍ഡോസറുകള്‍ എത്തിയത്.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി. കുശിനഗര്‍ എസ്പി സന്തോഷ് മിശ്രയുടെ നേതൃത്വത്തില്‍ പൊലീസും ബിഎസ്എഫും സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
പള്ളി സര്‍ക്കാര്‍ സ്ഥലം കൈയേറിയാണ് നിര്‍മിച്ചതെന്ന് ആരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ 2024 ഡിസംബര്‍ 18നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പോര്‍ട്ടല്‍ വഴി പരാതി നല്‍കിയത്. എന്നാല്‍, 15 വര്‍ഷം മുമ്പ് 33 സെന്റ് ഭൂമി പള്ളി നിര്‍മാണത്തിന് വേണ്ടി വാങ്ങിയതാണെന്ന് മസ്ജിദ് കമ്മിറ്റി മറുപടി നല്‍കി.
പരാതിക്ക് പിന്നാലെ ജില്ലാ അധികൃതര്‍ സര്‍വേ നടത്തുകയും പള്ളിയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമിയിലാണ് നില്‍ക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് അംഗീകൃത പ്രോപ്പര്‍ട്ടി മാപ്പിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ഹാജരാക്കാന്‍ പള്ളി കമ്മിറ്റിയോട് അധികൃതര്‍ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഈ മാപ്പ് കണ്ടെത്താനായില്ല. ഇതിനാല്‍ ഈ രേഖ പള്ളി കമ്മിറ്റിക്കും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി വ്യാജ രേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന് കാണിച്ച് മസ്ജിദ് കമ്മിറ്റിയിലെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, പള്ളിക്കെതിരെ ബുള്‍ഡോസര്‍ നടപടി സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് മസ്ജിദ് കമ്മിറ്റി പ്രതിനിധി സെയ്ഫുല്ല ഖാന്‍ പറഞ്ഞു. കൈയേറിയെന്ന ആരോപണത്തില്‍ കൃത്യമായ മറുപടി അധികൃതര്‍ക്ക് നല്‍കിയതാണ്.
പള്ളി പൊളിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഞങ്ങള്‍ ചോദിച്ചെങ്കിലും അവരത് കാണിച്ചില്ല. മുന്‍ ജില്ലാ മജിസ്ട്രേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതാണ്. 33 സെന്റ് ഭൂമി പള്ളിയുടേതാണെന്നും 29 സെന്റ് ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
ബിജെപിയുടെ ലെറ്റര്‍ഹെഡില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ തന്നെ ആരാധനാലയങ്ങള്‍ പൊളിക്കുകയാണ്. ഇത് നഗ്‌നമായ അനീതിയാണെന്നും സെയ്ഫുല്ല ഖാന്‍ പറഞ്ഞു. ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതിയുടെ ശക്തമായ വിമര്‍ശനം നിലനില്‍ക്കേയാണ് ഇത് തുടരുന്നത്.


