പ്രയാഗ്‌രാജ്: ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷിയായി ഉത്തര്‍പ്രദേശിലെ പ്രയാഗം. (Kumbh Mela records world’s largest traffic jam; vehicles stuck for 300 km) കുംഭമേളക്കെത്തിയ വിശ്വാസികളുടെ തിരക്ക് മൂലം 300 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടിക്കുന്നത്.
|
പ്രയാഗ്‌രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്ന പതിനായിരങ്ങള്‍ വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു.
മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍ പൊലീസ് വാഹനങ്ങള്‍ ഗതാഗതം തിങ്കളാഴ്ച വരെ നിര്‍ത്തി വയ്ക്കുന്നതായി അറിയിപ്പ് നല്‍കുന്ന സാഹചര്യവും ഉണ്ടായി. അതേസമയം കട്നിയിലേക്കും ജബല്‍പൂരിലേക്കും മടങ്ങാനും അവിടെ തങ്ങാനും മൈഹാര്‍ പൊലീസ് നിര്‍ദേശിച്ചു. മണിക്കൂറുകളോളമാണ് ഭക്തര്‍ റോഡില്‍ കുടുങ്ങിയത്.
ALSO READ: യുപിയില്‍ മസ്ജിദ് തകര്‍ക്കാന്‍ ബുള്‍ഡോസര്‍; സുരക്ഷയൊരുക്കി ബിഎസ്എഫ്
200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് ഉള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് നീങ്ങുക അസാധ്യമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ കട്നി, ജബല്‍പൂര്‍, മൈഹാര്‍, രേവ ജില്ലകളിലെ റോഡുകളില്‍ കിലോമീറ്ററുകളോളം ആയിരക്കണക്കിന് കാറുകളും ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
രേവ ജില്ലയിലെ ചക്ഘട്ടിലെ കട്നി മുതല്‍ എംപി-യുപി അതിര്‍ത്തി വരെയുള്ള 250 കിലോമീറ്റര്‍ ദൂരത്തില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
അഞ്ച് മണിക്കൂറെടുത്താണ് അഞ്ച് കിലോമീറ്റര്‍ കടന്നതെന്ന് യാത്രക്കാരിലൊരാള്‍ അറിയിച്ചു. ഈ സമയം കൊണ്ട് ഞാന്‍ ലഖ്‌നൗവില്‍ എത്തിയിരിക്കണം. വളരെ മോശമായ ട്രാഫിക് മാനേജ്‌മെന്റ്. എന്റെ ഫ്‌ളൈറ്റ് ടിക്കറ്റ് റദ്ദാക്കുകയും ഇരട്ടി തുകയില്‍ മറ്റൊന്ന് ബുക്ക് ചെയ്യുകയും ചെയ്യേണ്ടിവന്നതായി മറ്റൊരാള്‍ കുറിച്ചു.
ഞായറാഴ്ചത്തെ അനിയന്ത്രിതമായ ഭക്തരുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായെന്ന് ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (രേവ സോണ്‍) സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
48 മണിക്കൂറോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 50 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 10-12 മണിക്കൂര്‍ എടുക്കുമെന്ന് യാത്രക്കാരില്‍ പലരും വ്യക്തമാക്കി.


