കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. (Mamata Banerjee says no alliance with Congress in West Bengal assembly elections) തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത പ്രഖ്യാപിച്ചു.
|
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി ടി.എം.സി എം.എല്‍.എമാരുമായി നടത്തിയ യോഗത്തിലാണ് മമത ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേശീയ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് മമത ആരോപിച്ചു.
ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസിനെ പിന്തുണച്ചില്ല, ഡല്‍ഹിയില്‍ തിരിച്ചും സഹായിച്ചില്ല. ഇക്കാരണത്താല്‍ രണ്ടിടത്തും ബി.ജെ.പിക്ക് വിജയിക്കാനായി. എന്നാല്‍, ഇത്തരത്തില്‍ ഒരു സാഹചര്യം ബംഗാളില്‍ ഇല്ലെന്ന് മമത പറഞ്ഞു.
ബി.ജെ.പി വിദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മമത പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി. പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മമത ആവശ്യപ്പെട്ടു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരേ മുന്നണിയിലിരിക്കെ പരസ്പരം മത്സരിച്ച് എ.എ.പിയും കോണ്‍ഗ്രസും തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം.
2022ല്‍ 70ല്‍ 62 സീറ്റുമായി അധികാരത്തിലേറിയ ആം ആദ്മി ഇത്തവണ 22 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പി 48 സീറ്റിലാണ് വിജയം കണ്ടത്.
ഡല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെ മമതക്ക് മുന്നറിയിപ്പുമായി ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിരുന്നു. ‘കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണ്’ എന്നാണ് സുവേന്ദു പറഞ്ഞത്.


