26
Feb 2025
Tue
26 Feb 2025 Tue

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി (CEC) നിയമിച്ചു. ഇതുസംബന്ധിച്ച സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് തള്ളിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിത്ഷായുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗ്യാനേഷ് കുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്. ഇതോടെ ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും, അടുത്ത വര്‍ഷം കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അദ്ദേഹം നിയന്ത്രിക്കും.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ കമ്മിറ്റി ചേര്‍ന്നത്.

വിഷയത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എതിര്‍പ്പുന്നയിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിധിയിലുള്ള വിഷയമാണെന്നും തിരക്കിട്ടുള്ള നീക്കം ബിജെപിക്ക് മേല്‍ക്കൈ നേടാനാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ യോഗം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിയോജനക്കുറിപ്പ് സമര്‍പ്പിക്കുകയായിരുന്നു.