15
Feb 2025
Sat
15 Feb 2025 Sat
tel aviv bus explosion

ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവീവില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ബസ്സുകളിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുന്നു.(Doubts Surround Tel Aviv Bus Explosions)  മൂന്ന് ബസ്സുകളില്‍ ശക്തമായ സ്‌ഫോടനമുണ്ടായെങ്കിലും ആര്‍ക്കു പരിക്കേറ്റിരുന്നില്ല. ബസ്സുകള്‍ കാലിയായി പാര്‍ക്ക് ചെയ്തിട്ടിരുന്ന സമയത്തായിരുന്നു സഫോടനം. സ്‌ഫോടനത്തിന് തൊട്ടു പിന്നാലെ വെസ്റ്റ്ബാങ്കില്‍ ആക്രമണം ശക്തമാക്കാന്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉത്തരവിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ് ബാങ്കില്‍ പുതുതായി മൂന്ന് സൈനിക ബറ്റാലിയനുകളെ കൂടി നിയോഗിച്ചിട്ടുണ്ട്. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തു.

അതേ സമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗുഷ് ഡാന്‍ സ്വേദേശിയായ ഇസ്രായേലി ജൂത പൗരന്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ഫലസ്തീനിയെ എത്തിച്ചത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്.

ALSO READ: വിദ്വേഷ പരാമര്‍ശം; ബിജെപി നേതാവ് പി.സി ജോര്‍ജിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യും

വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ അടച്ചിട്ട മുറിയില്‍ വിചാരണ ചെയ്യും. ഇയാളെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല.

രാവിലെ 9 മണിക്ക് സ്‌ഫോടനം നടക്കുന്ന രീതിയിലാണ് ബോംബുകള്‍ സജ്ജീകരിച്ചിരുന്നതെങ്കിലും അബദ്ധത്തില്‍ രാത്രി 9 മണിക്ക് പൊട്ടുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ആളപായം ഒഴിവായതെന്നും അവര്‍ പറയുന്നു.

എന്നാല്‍, തെല്‍ അവീവിലെ ബാത്ത് യാം ഏരിയയിലുണ്ടായ സ്‌ഫോടനങ്ങള്‍ ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇസ്രായേല്‍ ബന്ദികള്‍ ശവപ്പെട്ടിയില്‍ തിരിച്ചെത്തിയതില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു ഈ സ്‌ഫോടനമെന്നത് ശ്രദ്ധേയമാണ്.

സ്‌ഫോടനം നടന്ന ഉടനെ ഇതിന് ദേശീയ സ്വഭാവമുണ്ടെന്ന് ധൃതിപിടിച്ച് വ്യാഖ്യാനിച്ച ഇസ്രായേല്‍ അധികൃതരുടെ നടപടിയെ ഇസ്രായേലി വിഷയങ്ങളില്‍ വിദഗ്ധനായ എഴുത്തുകാരന്‍ ഇഹാബ് ജബാരിന്‍ ചോദ്യം ചെയ്തു. ബന്ദികളുടെ മൃതദേഹം കൈമാറിയതിന് പിന്നാലെ എല്ലാ ശ്രദ്ധയും ഇസ്രായേലില്‍ ആയിരുന്ന ദിവസം ആര്‍ക്കാണ് ഈ സ്‌ഫോടനം പ്രയോജനം ചെയ്യുക എന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് നടന്ന ഇത്തരം സ്‌ഫോടനങ്ങള്‍ അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജബാരിന്‍ ചൂണ്ടിക്കാട്ടി. ആരും അവകാശവാദം ഉന്നയിക്കാത്ത പ്രസ്തുത സ്‌ഫോടനങ്ങള്‍ മുഴുവന്‍ ഇസ്രായേലി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭങ്ങളിലാണ് ഉണ്ടായത്.

വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി ഇസ്രായേല്‍ ഈ സ്‌ഫോടനത്തെ ഉപയോഗിക്കുന്നതായും ജബാരിന്‍ ചൂണ്ടിക്കാട്ടി.

സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ സൈന്യത്തിന്റെ പ്രതികരണം സംശയാസ്പദമാണെന്ന് സൈനിക വിദഗ്ധന്‍ ബ്രിഗേഡിയര്‍ ജനറല്‍ എലിയാസ് ഹന്ന ചൂണ്ടിക്കാട്ടി. നിര്‍വീര്യമാക്കിയ ബോംബുകള്‍ പ്രദര്‍ശിപ്പിക്കുകയും അവയില്‍ എഴുതിയിട്ടുള്ള അറബിക് അക്ഷരങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്ത സൈനിക നടപടി യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഇല്ലെന്നതിനാല്‍ സ്‌ഫോടനം കെട്ടിച്ചമച്ചതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹെന്ന പറഞ്ഞു. 1982ല്‍ ഇസ്രായേലി അംബാസഡര്‌ക്കെതിരേ ലണ്ടനില്‍ നടന്ന വധശ്രമം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബെയ്‌റൂത്തിലേക്ക് അധിനിവേശം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇതിന്റെ ഉത്തരവാദിത്തം ഫലസ്തീനികളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO WATCH