ദുബൈ: ദുബൈ നഗരം ആവേശത്തിമര്‍പ്പിലാണ്. പ്രത്യേകിച്ചും ദുബയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍. (ICC Champions Trophy final tomorrow; Dubai has put in place tight security) ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ എത്തി എന്നതിനൊപ്പം അത് നേരിട്ട് കാണാനുള്ള അവസരമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്.
|
ക്രിക്കറ്റ് ആവേശം വാനോളമുയരുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ഫൈനല്‍ മത്സരത്തിന് പഴുതടച്ച സുരക്ഷയാണ് ദുബൈ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കെതിരേ കരുത്തരായ ന്യൂസിലന്‍ഡാണ് കളത്തിലിറങ്ങുന്നത്.
കളിക്കാര്‍ക്കും ആരാധകര്‍ക്കും സുരക്ഷിതവും മികച്ചതുമായ കളിയനുഭവം ഉറപ്പാക്കാന്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) പ്രസ്താവനയില്‍ അറിയിച്ചു.
ALSO READ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്: കളി കാണാന്‍ സൗജന്യ ടിക്കറ്റ് നല്‍കി ദുബയിലെ കമ്പനി
വെള്ളിയാഴ്ച ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബില്‍ ഓപറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈതിയുടെ അധ്യക്ഷതയില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നു. സ്‌റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങള്‍.
ഇരുടീമുകളുടെയും വലിയ ആരാധകവൃന്ദം ദുബൈയില്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആസ്‌ട്രേലിയയെ തോല്‍പിച്ചാണ് മത്സരത്തില്‍ ഇന്ത്യ കലാശപ്പോരാട്ടത്തില്‍ ഇടംപിടിച്ചത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയുമായി നടന്ന മല്‍സരത്തില്‍ വിജയശ്രീലാളിതരായാമ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്.
പ്രവാസികളായ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ഫൈനല്‍ മത്സരം കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ഒഫിഷ്യല്‍ വെബ്‌സൈറ്റ് വഴി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയത് 40 മിനിറ്റിലായിരുന്നു.
യു.എ.ഇ സമയം രാവിലെ 10 മണിക്ക് ആരംഭിച്ച വില്‍പന 10.40ന് അവസാനിക്കുകയായിരുന്നു. സാധാരണ പ്രവേശനത്തിനുള്ള 250 ദിര്‍ഹമിന്റെ ടിക്കറ്റ് മുതല്‍ 12,000 ദിര്‍ഹമിന്റെ സ്‌കൈ ബോക്‌സ് ടിക്കറ്റുകള്‍വരെയാണ് വില്‍പനക്കുണ്ടായിരുന്നത്.
അതേസമയം, ലക്ഷങ്ങള്‍ നല്‍കി കരിഞ്ചന്തയില്‍ ടിക്കറ്റ് വാങ്ങാനും ആളുണ്ട്. 23 ലക്ഷം രൂപയ്ക്ക് വരെ കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ ടിക്കറ്റ് സ്വന്തമാക്കി. ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കുന്ന വയാഗോഗോയില്‍ സ്‌കൈ ബോക്സ് ടിക്കറ്റ് വില്‍ക്കാന്‍ വച്ചത് 23 ലക്ഷം രൂപയ്ക്കാണ്.
എക്‌സ്‌ചേഞ്ച്ടിക്കറ്റ് എന്ന വെബ്‌സൈറ്റ് 250 ദിര്‍ഹം വിലയുള്ള ജനറല്‍ അഡ്മിഷന്‍ ടിക്കറ്റ് 3000 ദിര്‍ഹമിനാണ് വില്‍പ്പനയ്ക്കു വച്ചത്. എന്തുവില കൊടുത്തും കളി കണ്ടേ അടങ്ങൂവെന്ന ക്രിക്കറ്റ് പ്രേമികളുടെ പിടിവാശിയാണ് ടിക്കറ്റ് റീസെയില്‍ വെബ്സൈറ്റുകള്‍ കൊള്ളലാഭത്തിന് പിടിവള്ളിയാക്കിയത്.
അതേസമയം, ഓണ്‍ലൈനില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ദുബൈ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ബോക്‌സ് ഓഫിസില്‍ നേരിട്ടെത്തിയാല്‍ ടിക്കറ്റ് ലഭിക്കുമെന്നാണ് സംഘാടകരായ ഐസിസി അറിയിച്ചിരിക്കുന്നത്.


