28
Mar 2025
Fri
28 Mar 2025 Fri
Indira Jaising slams Allahabad HC's order on 'attempt to rape', urges SC intervention

ലഖ്‌നൗ: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി നടത്തിയ നിരീക്ഷണം വിവാദമായതോടെ സുപ്രീം കോടതി ഇടപെട്ടേക്കും. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ചുരിദാര്‍ അഴിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് ഹൈക്കോടതിയിലെ ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് നിരീക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികളായ പവന്‍, ആകാശ് എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ പ്രതികള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ മാറിടങ്ങളില്‍ സ്പര്‍ശിച്ചു, ചുരിദാറും അടിവസ്ത്രവും അഴിക്കാന്‍ ശ്രമിച്ചെന്നുമുള്‍പ്പെടെയുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലായിരുന്നു കേസ്. കേസിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ച കീഴ്‌ക്കോടതി, രണ്ടുപേര്‍ക്കും സമണ്‍സയച്ചു. ഇത് ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അലഹാബാദ് ഹൈക്കോടതി പരിഗണിച്ചത്.

മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. ബലാത്സംഗശ്രമവും തയാറെടുപ്പും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രതി വലിച്ചിഴച്ചകൊണ്ടുപോയെന്നതിനാല്‍ പെണ്‍കുട്ടിയെ നഗ്‌നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് വിമര്‍ശിച്ചു. ഈ കേസില്‍ സുപ്രിംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് അവര്‍ ട്വീറ്റ്‌ചെയ്തു. സുപ്രിംകോടതി നേരത്തെ ഹൈക്കോടതി ജഡ്ജിമാരെ വിമര്‍ശിച്ച കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.
മുമ്പും കീഴ്‌ക്കോടതികള്‍ വിവാദ നിരീക്ഷണങ്ങള്‍ നടത്തുകയും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സുപ്രീം കോടതി അവ തിരുത്തിയിട്ടുണ്ട്.

Indira Jaising slams Allahabad HC’s order on ‘attempt to rape’, urges SC intervention