23
Apr 2025
Sun
23 Apr 2025 Sun
Child kidnap palakkad

പാലക്കാട്: അച്ഛനമ്മമാര്‍ക്കൊപ്പം തീവണ്ടിയില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരി രക്ഷപ്പെട്ടത് അല്‍ഭുതകരമായി. (Tamilnadu man held in Palakkad for abducting child) പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും യാദൃശ്ചികമായി ഇടപെട്ടതു കൊണ്ട് മാത്രമാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി തമിഴ്‌നാട് ദിണ്ടിഗല്‍ പെരുമാള്‍പ്പെട്ടി വെട്രിവേല്‍ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാള്‍ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി പത്തുമണിക്കുശേഷമാണ് ട്രെയിനെത്തിയത്. ഒഡിഷയില്‍നിന്ന് ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന റായ്ഗഢ് സ്വദേശികളായ മനസ് ദന്‍കാരിയും ഹമീസയും ആ സമയത്ത് നല്ല ഉറക്കത്തിലായിരുന്നു. മകള്‍ താന്‍സികയും സമീപത്ത് തന്നെയുണ്ടായിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് വെട്രിവേല്‍ കുട്ടിയെ എടുത്ത് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്.

ALSO READ: വഖ്ഫ് നിയമത്തിനെതിരേ സമസ്തയും സുപ്രിംകോടതിയില്‍; എഎപി, ഉവൈസി, കോണ്‍ഗ്രസ്.. ഹരജി പ്രവാഹം

സ്റ്റേഷന് മുന്നിലെത്തിയ ഇയാളുടെ കൈയിലുണ്ടായിരുന്ന കുട്ടി ഉച്ചത്തില്‍ കരഞ്ഞു. സംശയംതോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വെട്രിവേലിനെ തടഞ്ഞുനിര്‍ത്തി വിവരംതിരക്കി. ഇതോടെയാണ് സംഭവം പുറത്താവുന്നത്.

യുവാവ് മദ്യലഹരിയിലായിരുന്നെന്ന് ഓട്ടോതൊഴിലാളികള്‍ പറഞ്ഞു. അവര്‍ ഉടന്‍ ടൗണ്‍ നോര്‍ത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.

വണ്ടി തൃശ്ശൂരെത്തിയപ്പോഴാണ് ദമ്പതിമാര്‍ കുട്ടിയെ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഉടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്.

ഇരുവരും പിന്നീട് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഒഡിഷയില്‍നിന്ന് വ്യാഴാഴ്ചയാണ് ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസില്‍ മനസ് ദന്‍കാരിയും ഹമീസയും ആലുവയിലേക്ക് പുറപ്പെട്ടത്. ആലുവയില്‍ അലുമിനിയം പാത്രക്കമ്പനിയിലാണ് ജോലി.

11 വര്‍ഷമായി ഇവര്‍ സ്ഥിരമായി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. യാത്രയ്ക്കിടെ ഉറങ്ങി, എണീക്കുമ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ലെന്ന് ഹമീസ പറഞ്ഞു.

ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ എഎസ്‌ഐ സജീവന്‍, എസ്സിപിഒ ശബരി, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, പ്രതിയെ റെയില്‍വേപോലീസിന് കൈമാറി. വെട്രിവേലിനെ കോടതി റിമാന്‍ഡ് ചെയ്തു. ദിണ്ടിഗല്‍, സേലം എന്നിവിടങ്ങളിലെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഹീറോസായി ഓട്ടോഡ്രൈവര്‍മാര്‍

AUTO DRIVERS

കൈയില്‍ കുഞ്ഞുമായി ദിണ്ടിക്കലില്‍ പോകാനുള്ള വഴിചോദിച്ചാണ് യുവാവ് വന്നത്. മദ്യപിച്ചായിരുന്നു വരവ്. കണ്ടപ്പോള്‍ എന്തോ സംശയംതോന്നി. തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടി തന്റേയല്ലെന്ന് അയാള്‍ സമ്മതിച്ചു. കുട്ടിയുടെ കൈയില്‍ മുറിവുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പതറി. അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒറ്റയ്ക്കാണെന്ന് പറഞ്ഞു. ഇതിനിടെയാണ് കുട്ടി ഉണര്‍ന്നത്.

കുഞ്ഞിന്റെ നെറ്റിയിലെ വലിയപൊട്ട് കണ്ടപ്പോള്‍ സംശയം വര്‍ധിച്ചു. ഇന്നാട്ടിലെ കുഞ്ഞുങ്ങള്‍ ഇത്രയുംവലിയ പൊട്ട് തൊടാറില്ലല്ലോ. വീണ്ടും ചോദിച്ചപ്പോള്‍ കുഞ്ഞ് തന്റേതല്ലെന്നും അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം. ഉടനെ പോലീസിനെ വിളിക്കുകയാണുണ്ടായത്. പോലീസെത്തുംമുമ്പ് കുട്ടിക്ക് പാലും ബിസ്‌കറ്റും വാങ്ങിനല്‍കിയിരുന്നു. പിന്നീടാണ് ഇവരെ കൊണ്ടുപോയത്.

മകളെ തിരിച്ചുകിട്ടിയആശ്വാസത്തില്‍ മനസും ഹമീസയും

തീവണ്ടിയാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് ഒപ്പമില്ലെന്ന് മനസ് ദന്‍കാരിയും ഹമീസയും അറിയുന്നത് വെള്ളിയാഴ്ചരാത്രി 11.30-ന്. പിറ്റേന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് കുട്ടിയെ ഏറ്റുവാങ്ങുന്നതുവരെയുള്ള മണിക്കൂറുകള്‍ തള്ളിനീക്കിയത് എങ്ങനെയെന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന് ഹമീസ പറയുന്നു. തമിഴ്‌നാട് സ്വദേശിയായ യുവാവ് തട്ടിയെടുത്ത കുഞ്ഞിനെ ശനിയാഴ്ച രാവിലെ തിരികെ കിട്ടിയപ്പോള്‍ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു അമ്മയുടെ മുഖത്ത്.

ഉറക്കത്തിലായിരുന്നതിനാല്‍ യാത്രയ്ക്കിടെ കുട്ടിയെ എവിടെവെച്ചാണ് നഷ്ടപ്പെട്ടതെന്നുപോലും ഹമീസയ്ക്ക് അറിയുമായിരുന്നില്ല. മലയാളം വശമില്ലാത്തതുകൊണ്ടുള്ള പ്രയാസം വേറെ. രാത്രി തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലിറങ്ങിയ ഇവര്‍ അറിയാവുന്ന ഭാഷയില്‍ ചുറ്റുമുള്ളവരോടെല്ലാം അന്വേഷിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും സമീപിച്ചു. തൃശ്ശൂരിലും പരിസരത്തും അന്വേഷണംനടത്തി. മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പാലക്കാട്ടുനിന്ന് കുട്ടിയെ കിട്ടിയെന്ന വിവരം ലഭിച്ചത്.