|
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ വംശഹത്യ അടക്കം മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. യു.എസ് സന്ദര്‍ശനത്തിനിടെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷല്‍ പബ്ലിക് അഫേഴ്‌സില്‍ നടന്ന ചോദ്യോത്തര സെഷനില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സിഖുകാര്‍ക്ക് തലപ്പാവും കഡയും (സിഖുകാര്‍ ധരിക്കുന്ന വള) ധരിക്കാനും ഗുരുദ്വാരകളില്‍ പോകാനുമുള്ള അനുമതിക്കായാണ് ഇന്ത്യയില്‍ പോരാട്ടം നടക്കുന്നതെന്ന രാഹുലിന്റെ മുന്‍ പരാമര്‍ശം ഉദ്ധരിച്ച് സിഖ് വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു രാഹുല്‍.
വിദ്യാര്‍ഥിയുടെ ചോദ്യം ഇങ്ങനെയായിരുന്നു: ‘ബി.ജെ.പിയെക്കുറിച്ച് സിഖുകാര്‍ക്കിടയില്‍ നിങ്ങള്‍ ഭീതി പടര്‍ത്തുകയാണ്. രാഷ്ട്രീയം എങ്ങനെ ഭയരഹിതമാകണം എന്നും നിങ്ങള്‍ പറയുന്നു. കഡയും തലപ്പാവും ധരിക്കാന്‍ മാത്രമല്ല സിഖുകാര്‍ ആഗ്രഹിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം വേണം. മുമ്പ് കോണ്‍ഗ്രസും അതനുവദിച്ചിട്ടില്ല. (സിഖ് കലാപത്തില്‍ പ്രതിയായ) സജ്ജന്‍ കുമാറിനെ പോലെ ഒരുപാട് പേര്‍ ഇന്നും കോണ്‍ഗ്രസിലുണ്ട്. ബി.ജെ.പിയെ പേടിക്കണമെന്ന് പറയുന്ന നിങ്ങള്‍ക്ക് സിഖ് സമുദായവുമായി യോജിപ്പിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ പോക്ക് പോയാല്‍ പഞ്ചാബിലും ബി.ജെ.പി സാന്നിധ്യം ഉറപ്പാക്കും-..’ എന്നിങ്ങനെയായിരുന്നു വിദ്യാര്‍ഥി രാഹുലിനോട് പറഞ്ഞത്.
രാഹുലിന്റെ മറുപടി ഇപ്രകാരമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍കാലങ്ങളില്‍ ചെയ്ത തെറ്റുകളില്‍ ഞാന്‍ നേരിട്ട് ഉത്തരവാദിയല്ല എങ്കില്‍ പോലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കന്‍ ഞാന്‍ ഇപ്പോള്‍ ബാധ്യസ്ഥനാണ്. അത് സന്തോഷപൂര്‍വം ഞാന്‍ ഏറ്റെടുക്കുന്നു. സിഖ് സമുദായം ആരെയും ഭയപ്പെടുന്നില്ലെങ്കിലും ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യത്തെ കുറിച്ചാണ് ഞാന്‍ മുമ്പൊരിക്കല്‍ സംസാരിച്ചത്. 1980കളില്‍ സംഭവിച്ചത് എന്താണോ അത് തെറ്റാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം പലതവണ ഞാന്‍ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. ഇപ്പോഴും സിഖ് സമുദായവുമായി നല്ല ബന്ധം തുടരുന്നു. സിഖ് സമുദായത്തില്‍ എനിക്ക് നല്ല സുഹൃത്തുക്കളും ഉണ്ട്- രാഹുല്‍ മറുപടി നല്‍കി.
കഴിഞ്ഞമാസം 24നാണ് വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചതെങ്കിലും അതിന്റെ വിഡിയോ ഇപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
Congress’ mistakes, but happy to take responsibility’, says Rahul Gandhi on anti-Sikh riot





