27
May 2025
Sun
27 May 2025 Sun
Madhyapradesh BJP

ഭോപ്പാല്‍: മുസ്ലിം വിരോധം മൂത്ത് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് പുലിവാല് പിടിക്കുന്ന നേതാക്കള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി ബിജെപി. (BJP to conduct study class for leader on how to talk properly) കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് നേതാക്കള്‍ക്ക് ‘കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍’ നല്‍കാന്‍ പാര്‍ട്ടി പദ്ധതി തയ്യാറാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശിലെ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും വെളിവ് നല്‍കാനാണ് തീരുമാനം. വിജയ് ഷായുടെ പരാമര്‍ശം ദേശീയ തലത്തില്‍ത്തന്നെ വലിയ വിവാദമായതാണ് പാര്‍ട്ടിയെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്.

എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടി നയം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. എങ്ങനെയാണ് പൊതുമധ്യത്തില്‍ സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി ക്ലാസുകള്‍ ഉണ്ടാകും.

ALSO READ: ഇസ്രായേലുമായി ബന്ധം വിഛേദിക്കണം; ലണ്ടനില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്ത് 6 ലക്ഷം പേര്‍

വിവാദങ്ങള്‍ ഒഴിവാക്കി എങ്ങിനെ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാമെന്നാണ് പ്രധാനമായും പഠിപ്പിക്കുക. ഏതെല്ലാം കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ട് സംസാരിക്കണം എന്നതിലും കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തും. ജൂണില്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിന് പുറത്തുള്ള ഏതെങ്കിലും നഗരത്തില്‍ ക്ളാസുകള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, ദേശീയ വക്താക്കള്‍, മാധ്യമ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരാകും ക്ലാസുകള്‍ നയിക്കുക. എങ്ങനെ പക്വതയോടെ സംസാരിക്കണമെന്നും ഇടപെടണമെന്നും ക്ലാസുകളില്‍ പറഞ്ഞുകൊടുക്കും. ഇതുവഴി പാര്‍ട്ടിയുടെ പ്രതിച്ഛായ തകരാതെ ഇടപെടാന്‍ നേതാക്കളെ പ്രാപ്തരാകുകയാണ് ലക്ഷ്യം.

അതേസമയം, ബിജെപി എല്ലാ കൊല്ലവും ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇതാദ്യമായല്ല ഇത്തരത്തില്‍ ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് എന്നുമാണ് ബിജെപി മാധ്യമ വിഭാഗം തലവന്‍ ആശിഷ് അഗര്‍വാള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി കന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ ബിജെപി ഇതുവരെ നടപടിയെടുത്തിട്ടില്ല. വിഷയം കോടതി പരിഗണനയില്‍ ആയതിനാല്‍ രാജി ആവശ്യപ്പെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.

കോടതിയുടെ തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം വിജയ് ഷായ്ക്കൊപ്പം നില്‍ക്കുന്നത്.