ഫലസ്തീനിലെ വംശഹത്യ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ ലക്ഷങ്ങള്‍ അണിനിരന്ന മാര്‍ച്ച്. (600,000 people march from London to Downing Street demanding a break with Israel) ഗസയില്‍ കൂട്ടക്കൂരുതി തുടരുന്ന ഇസ്രായേലുമായി ബ്രിട്ടന്‍ ബന്ധം വിഛേദിക്കണമെന്ന ആഹ്വാനവുമായി ലണ്ടനില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആറ് ലക്ഷത്തോളം പേര്‍ അണിനിരന്നു.
|
പതിനായിരക്കണക്കിന് ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുകയും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കുകയും ചെയ്ത നഖ്ബയുടെ 77ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എംബാര്‍ക്ക്‌മെന്റില്‍ നിന്ന് തുടങ്ങി ബിഗ് ബെന്‍ വഴി നദി കടന്ന് വാട്ടര്‍ലൂവിലെത്തി ഡൗണിങ് സ്ട്രീറ്റിന് പുറത്ത് സമാപിച്ചു.
ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയിന്‍, ഫ്രണ്ട്‌സ് ഓഫ് അല്‍ അഖ്‌സ, മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍, സ്റ്റോപ്പ് ദി വാര്‍, ഫലസ്തീനിയന്‍ ഫോറം ഇന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ചേര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും പ്രതിഷേധക്കാര്‍ മാര്‍ച്ചിനെത്തിച്ചേര്‍ന്നു. 6 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായും 2023 നവംബറിന് ശേഷം നടന്ന ഏറ്റവും വലിയ പ്രതിഷേധ മാര്‍ച്ചാണ് ഇതെന്നും സ്റ്റോപ്പ് ദി വാര്‍ അറിയിച്ചു.
അതേസമയം, മാര്‍ച്ച് വരുന്ന വഴിയില്‍ ഏതാനും ഇസ്രായേല്‍ അനുകൂലികള്‍ ഒത്തൂകൂടി മുദ്രാവാക്യം വിളിച്ചു. ‘നമ്മുടെ തെരുവുകളിലെ ഭീകരവാദ അനൂകൂലികള്‍’ എന്നായിരുന്നു മുദ്രാവാക്യം. സംഘത്തില്‍ ഇസ്രായേല്‍ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാകകളും ദൃശ്യമായി.
ഡൗണിങ് സ്ട്രീറ്റില്‍ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് എംപി അപ്‌സാന ബീഗം, ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലോത്ത്, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗസയില്‍ തുടര്‍ച്ചയായ 77ആം ദിവസവും ഇസ്രായേല്‍ ഉപരോധം തുടരുന്നതിനിടെയായിരുന്നു മാര്‍ച്ച്. കഴിഞ്ഞ ദിവസങ്ങളില്‍ ഗസയിലെ ബോംബ് വര്‍ഷത്തിന് ഇസ്രായേല്‍ ശക്തി വര്‍ധിപ്പിച്ചിരുന്നു.


