16
May 2025
Tue
16 May 2025 Tue
Gaza Aid

പട്ടിണിയില്‍ പൊറുതിമുട്ടുന്ന ഗസയിലേക്ക് തടസ്സമില്ലാത്ത രീതിയില്‍ പൂര്‍ണതോതിലുള്ള മാനുഷിക സഹായ വിതരണം പുനരാരംഭിക്കണമെന്ന് 22 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. (22 nations demand ‘full resumption’ of aid into Gaza) നിലവിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഗസയില്‍ സഹായ വിതരണം നടത്തുന്നതിനുള്ള ശേഷിയുണ്ടെന്നും അതിന് വേണ്ടി പുതിയൊരു സംവിധാനം ആവശ്യമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസ്‌ത്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്റ്‌സ്, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ബെല്‍ജിയം, എസ്‌തോണിയ, ഫിന്‍ലന്റ്, ഐസ്‌ലാന്റ്, അയര്‍ലന്റ്, ലാറ്റ്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, ന്യൂസിലന്റ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്വീഡന്‍ എന്നിവയാണ് ആവശ്യമുന്നയിച്ച മറ്റു രാജ്യങ്ങള്‍.

ALSO READ: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയെത്തുടര്‍ന്ന് ഗുരുതര അണുബാധ, തലയയോട്ടി പഴുത്ത് അസ്ഥികള്‍ പുറത്തുവരുന്നു; പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനെതിരെ പരാതിയുമായി യുവാവ് | Hair Transplant Treatment

”മാനുഷിക സഹായ ദാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാരിനോട് നേര്‍ക്കുനേരെ രണ്ടുകാര്യങ്ങള്‍ പറയാനുണ്ട്, ഗസയിലേക്കുള്ള സഹായ വിതരണം പൂര്‍ണതോതില്‍ ഉടന്‍ ആരംഭിക്കുക, ജീവനുകള്‍ സംരക്ഷിക്കുന്നതിനും കഷ്ടപ്പാട് കുറയ്ക്കുന്നതിനും അഭിമാനം നിലനിര്‍ത്തുന്നതിനും വേണ്ടി യുഎന്നിനും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും സ്വതന്ത്രമായ പ്രവര്‍ത്തനാനുമതി നല്‍കുക”

ഗസയിലേക്ക് ഭാഗികമായി മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേല്‍ മന്ത്രിസഭ ഈയിടെ അനുമതി നല്‍കിയിരുന്നു. യുഎന്നിനെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും ഒഴിവാക്കി പ്രത്യേക സംവിധാനം ഇതിന് വേണ്ടി ഒരുക്കാനായിരുന്നു ഇസ്രായേല്‍ തീരുമാനം. എന്നാല്‍, ഇക്കാര്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് 22 രാജ്യങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

മാനുഷിക തത്വങ്ങള്‍ മാനിച്ച്‌കൊണ്ട് മാത്രമേ സഹായവിതരണം സാധ്യമാവൂ. ഇസ്രായേല്‍ നിര്‍ദേശിക്കുന്ന സംവിധാനത്തില്‍ സഹായം കാര്യക്ഷമമായി വിതരണം ചെയ്യാനാവില്ല. മാനുഷിക സഹായത്തെ ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ലെന്നും രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.