15
May 2025
Tue
15 May 2025 Tue
gaza help

ഗസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള വിലക്ക് നീക്കിയില്ലെങ്കില്‍ ഇസ്രായേലിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനും ഫ്രാന്‍സും കാനഡയും. ( Israel pounds Gaza, killing 50; Canada, France, UK threaten sanctions) ഗസയിലേക്കുള്ള സൈനിക നടപടികളുടെ വ്യാപനം പൂര്‍ണമായും നിര്‍ത്തണമെന്നും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനുഷിക സഹായത്തെ എതിര്‍ത്ത് കൊണ്ടുള്ള ഇസ്രായേല്‍ മന്ത്രിമാരുടെ പ്രസ്താവനകളെ മൂന്ന് രാജ്യങ്ങളും അപലപിച്ചു.

ഇസ്രായേല്‍ ഉപരോധം തകര്‍ക്കണം
ഗസയ്ക്ക് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തകര്‍ക്കണമെന്നും ലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും 760ലേറെ സര്‍ക്കാരേതര സംഘടനകള്‍ ആഹ്വാനം ചെയ്തു. റഫാ അതിര്‍ത്തി വഴി നയതന്ത്ര, മാനുഷിക സഹായ സംഘത്തെ പ്രവേശിപ്പിക്കുന്നതിന് ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ALSO READ: ഗസയിലേക്ക് പൂര്‍ണ തോതിലുള്ള സഹായവിതരണം പുനരാരംഭിക്കണമെന്ന് 22 രാജ്യങ്ങള്‍

മെയ് 12ന് ഫലസ്തീനിയന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പ് ആരംഭിച്ച് ആഹ്വാനത്തിന് ആദ്യ ദിവസം തന്നെ 300ഓളം സംഘടനകള്‍ പിന്തുണയുമായി എത്തിയിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അതിക്രമം തുടര്‍ന്ന് ഇസ്രായേല്‍
ലോകരാജ്യങ്ങളുടെ സകല എതിര്‍പ്പുകള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഗസയില്‍ കൂട്ടക്കുരുതിയുമായി മുന്നേറുകയാണ് ഇസ്രായേല്‍. ഗസാ നിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.

ഖാന്‍യൂനുസില്‍ നിന്ന് ഫലസ്തീനികളെ സൈന്യം കൂട്ടമായി പുറന്തള്ളി. ലോകത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗസയില്‍ ആക്രമണം ശക്തമാക്കുമെന്ന് സൈന്യം. മൂന്ന് മാസത്തിനു ശേഷം ഭക്ഷ്യവസ്തുക്കളുമായി വെറും അഞ്ച് ട്രക്കുകള്‍ മാത്രമാണ് ഗസയില്‍ എത്തിയത്.

ഗസയിലെ ഏറ്റവും വലിയ രണ്ടാമത് പട്ടണമായ ഖാന്‍യൂനുസില്‍ നിന്നാണ് ഫലസ്തീനികളെ ഇസ്രായേല്‍ കൂട്ടമായി പുറന്തള്ളിയത്. രാത്രിയും പ്രദേശത്ത് കനത്ത തോതില്‍ വ്യോമാക്രമണം നടന്നു. ബനീ സുഹൈല, അബസാന്‍ എന്നിവിടങ്ങളിലുള്ളവരോടും അടിയന്തരമായി ഒഴിഞ്ഞുപോകാനാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. സമീപത്തെ മവാസിയിലേക്കാണ് ആയിരങ്ങള്‍ അഭയം തേടി നീങ്ങുന്നത്.

മധ്യഗസയിലെ ഫലസ്തീന്‍ ഒഴിപ്പിക്കലിനു പിന്നാലെയാണ് ഖാന്‍ യൂനുസില്‍ നിന്നുള്ള പുറന്തള്ളല്‍. ഗസ പൂര്‍ണമായും പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് കരസേനാനീക്കവും കുടിയൊഴിപ്പിക്കലുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ഗസയില്‍ എണ്‍പതിലേറെ പേരാണ് കൊല്ലപ്പെട്ടത്. നുസൈറാത്തില്‍ സ്‌കൂളിനു മേല്‍ ബോംബിട്ട് നിരവധി കുട്ടികളെ കൊലപ്പെടുത്തി.

അതിനിടെ, ഗസയില്‍ പരിമിതമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കടത്തിവിടാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സമ്മതിച്ചു. ബേബി ഫുഡ് ഉള്‍പ്പെടെയുള്ളവയുമായി അഞ്ച് ട്രക്കുകള്‍ ഗസയിലെത്തി. മാര്‍ച്ച് രണ്ട് മുതല്‍ ആരംഭിച്ച ഉപരോധത്തിനു ശേഷം ഇതാദ്യമായാണ് സഹായട്രക്കുകള്‍ എത്തുന്നത്. എന്നാല്‍ ദിനംപ്രതി 500 ട്രക്കുകളെങ്കിലും എത്തിയാല്‍ മാത്രമേ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് യുഎന്‍ വ്യക്തമാക്കി.

യുഎസ് ബന്ദി ഏഡന്‍ അലക്‌സാണ്ടറുടെ മോചന വേളയില്‍ ഹമാസിന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ട്രക്കുകള്‍ എത്തിയതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎന്‍ ഏജന്‍സികള്‍ക്കു പകരം ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് വിതരണചുമതല കൈമാറാനാണ് ഇസ്രായേല്‍ നീക്കം. ഗസ്സയിലെ 21 ലക്ഷം ജനങ്ങളും കൊടുംപട്ടിണിയിലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനം ഗബ്രിയെസൂസ് പറഞു.