ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. (bengaluru stampede death rcb victory) ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം.
|
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 35000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തോളം ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണം.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 14-കാരിയും. ദിവ്യാംശി എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.

അതേസമയം, ബംഗളൂരുവിലെ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നാണ് ഐപിഎല്‍ സംഘാടകരുടെ പ്രതികരണം.
ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്. സ്റ്റേഡിയത്തില്‍ ഉള്‍കൊള്ളാവുന്നതിലും അപ്പുറം ആളുകള്‍ പുറത്ത് ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്.
വിധാന്‍സൗധയില്‍ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം.
🚨 Two people including a child, reportedly died in a stampede at Chinnaswamy Stadium during RCB’s victory celebrations https://t.co/IFUCeFWgfN
— Prayag (@theprayagtiwari) June 4, 2025
ബംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നിട്ടും അപകടമുണ്ടായത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമര്‍ശനം വിളിച്ചുവരുത്തി.



