തൃശൂര്‍: മ്ലാവിറച്ചി കൈവശംവച്ചെന്ന കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ചെയ്യാത്ത കുറ്റത്തില്‍നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കോഴിക്കോട് സ്വദേശികളായ സുജേഷും ജോബിയും. വ്യാജ കേസില്‍ 39 ദിവസമാണ് യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത്. കൈവശം പോത്തിറച്ചിയായിരുന്നുവെന്നു ലാബ് പരിശോധനയില്‍ തെളിഞ്ഞതോടെ ഇവര്‍ക്കെതിരേയുള്ള കേസ് നടപടികള്‍ അവസാനിപ്പിച്ചേക്കും. ഇതോടെ കേസില്‍ വനംവകുപ്പ് പ്രതിക്കൂട്ടിലായി. ചെയ്യാത്ത കുറ്റത്തിന് പ്രതികളായി മുദ്രകുത്തിയതോടെ കുടുംബവും ജീവിതവും ഇവര്‍ക്ക് നഷ്ടമാകുകയായിരുന്നു.
|
അതേസമയം യുവാക്കള്‍ക്കെതിരേയുള്ള മറ്റു കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയ്ക്കിടെയാണ് ഇറച്ചി കണ്ടെടുത്തതെന്നും മ്ലാവിറച്ചിയാണെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.
ചാലക്കുടിയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയന്‍ അംഗങ്ങളായ കൊടകര പേരാമ്പ്ര വെള്ളാനിക്കോട് കുത്തിരപ്പിള്ളി വീട് ജോബി(38) ഒന്നാംപ്രതിയും സുഹൃത്ത് പേരാമ്പ്ര മേച്ചിറ കാര്യാടന്‍ സുജേഷ് (34) രണ്ടാംപ്രതിയുമായി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ് കേസെടുത്തത്. അറസ്റ്റിലായതോടെ ഇരുവരെയും യൂനിയന്‍ അംഗത്വത്തില്‍ നിന്നും പുറത്താക്കി. സുജേഷ് ഓട്ടോ ഡ്രൈവറായും ജോബി വാഹനബ്രോക്കറായുമാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്.
ഇറച്ചികേസില്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫൊറന്‍സിക് ലാബ് പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോഴാണ് പോത്തിറച്ചിയാണെന്നു വ്യക്തമായത്. കേസ് നടപടികള്‍ക്കിടെ സുജേഷിന്റെ ഭാര്യ വിവാഹമോചനം നേടി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചാണ് വനംവകുപ്പുകാര്‍ കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. ജോലി തിരിച്ചുകിട്ടണമെന്നാണ് ആഗ്രഹമെന്നും യുവാവ് വ്യക്തമാക്കി.
അതേസമയം മ്ലാവിറച്ചിയെന്ന പേരില്‍ ജോബി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും തെളിവായി പരിഗണിച്ചായിരുന്നു നടപടിയെന്ന് വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ജോബിയുടെ വീട്ടില്‍ നിന്നുമാണ് ഇറച്ചി പിടിച്ചെടുത്തത്. മ്ലാവിറച്ചിയെന്നു തെറ്റിദ്ധരിപ്പിച്ചു ജോബിക്ക് മറ്റൊരാള്‍ ഇറച്ചി നല്‍കിയെന്നാണ് വനംവകുപ്പിന്റെ സംശയം. മൊഴി നല്‍കുന്ന സമയത്ത് ഇരുവരും മ്ലാവിറച്ചിയാണെന്നു പറഞ്ഞതും അതിനാലാണെന്നാണ് വാദം.
ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ചുമട്ടുതൊഴിലാളിയാകുന്നതിന് മുമ്പ് തനിക്ക് കശാപ്പ് ജോലിയായിരുന്നെന്നും നല്ല ഉരുക്കളുടെ മാംസം കിട്ടിയാല്‍ പലര്‍ക്കും വിതരണംചെയ്യാറുണ്ടെന്നും സുജേഷ് പറഞ്ഞു. ഇത്തരത്തില്‍ ലഭിച്ച ബീഫാണ് ജോബിക്ക് നല്‍കിയത്. വിനോദയാത്രയ്ക്ക് പോയിരുന്ന ജോബി, മസാലപുരട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ബീഫാണ് മ്ലാവിന്റേതാണെന്ന് തെറ്റിദ്ധരിച്ച് വനംവകുപ്പ് പിടിച്ചെടുത്തത്. വനപാലകര്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് നിരവധി പേപ്പറുകളില്‍ ഒപ്പുവയ്പ്പിച്ചതെന്നും കേസില്‍പ്പെട്ടശേഷം ജോലി ഇല്ലാതായെന്നും സുജേഷ് ആരോപിച്ചു.
അതേസമയം, മര്‍ദിച്ചാണ് മൊഴിയെടുത്തതെന്ന് ജോബിയും പറയുന്നു. നേരത്തെ പ്രതികളിലൊരാളും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.
Two young men were jailed for 39 days on charges of possessing illegal meat
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





