ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനസര്‍വിസുകള്‍ താളംതെറ്റുന്നു. (Iran Israel War: Flight services cancelled to gulf contries) എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരവധി സര്‍വീസുകള്‍ റദ്ദാക്കി.
|
വിവിധ രാജ്യങ്ങള്‍ വ്യോമപാത അടച്ചതിനാല്‍ ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില സര്‍വീസുകളുടെ സമയം മണിക്കൂറുകളോളം വൈകുന്നുമുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍ -ഷാര്‍ജ വിമാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകള്‍ ഒഴിവാക്കി വിമാനങ്ങള്‍ പലതും ഒമാന്‍ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ബുധനാഴ്ച പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, കണ്ണൂര്‍-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള സര്‍വീസുകളും റദ്ദാക്കപ്പെടുന്നവയില്‍ ഉള്‍പ്പെടും.
ബഹ്റൈന്‍- കോഴിക്കോട്, കോഴിക്കോട്- ബഹ്റൈന്‍ സര്‍വിസും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്-കുവൈത്ത് സര്‍വിസ് മൂന്നു മണിക്കൂറും, കണ്ണൂര്‍ സര്‍വീസ് മണിക്കൂറുകളും വൈകി. മസ്‌കത്ത്-കണ്ണൂര്‍, മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകളും വൈകി.
അപ്രതീക്ഷിതമായി വിമാന സര്‍വീസുകള്‍ താളം തെറ്റുന്നത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കി. പ്രത്യേകിച്ച് ഗള്‍ഫിലെ വേനലവധിക്ക് കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാല്‍ നിരവധി പേര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും.
മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂള്‍ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.



