ദോഹ: ഇറാനിനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാന്‍. (Iran says it will halt attacks if Israel stops ‘illegal aggression’)ഇതുവരെ അങ്ങിനെയൊരു കരാറിലെത്തിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറഗ്ചി അറിയിച്ചു.
|
‘ഇസ്രായേലാണ് ഇറാനെതിരെ ആക്രമണത്തിന് തുടക്കമിട്ടതെന്ന കാര്യം ഞങ്ങള്‍ പലതവണ വ്യക്തമാക്കിയതാണ്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തലിനോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ധാരണയായിട്ടില്ല. എന്നാല്‍, ഇന്ന് രാവിലെ, ഇറാന്‍ സമയം 4 മണിയോടെ ഇസ്രായേല്‍ അതിക്രമം അവസാനിപ്പിച്ചാല്‍ തുടര്‍ന്ന് ആക്രമണം നടത്താന്‍ ഇറാനും ആഗ്രഹിക്കുന്നില്ല. വെടിനിര്‍ത്തല്‍ കാര്യത്തിലുള്ള അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും’- അബ്ബാസ് അറഗ്ചി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
12 ദിവസത്തോളമായി ഏറ്റുമുട്ടുന്ന ഇറാനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇന്നലെ അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ ആണ് ആദ്യം വെടിനിര്‍ത്തുകയെ്‌നനും 12 മണിക്കൂറിന് ശേഷം ഇസ്രായേലും കരാര്‍ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രമ്പ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, ഇന്ന് പുലര്‍ച്ചെയും തെഹ്‌റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായാണ് റിപോര്‍ട്ട്. അതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേലി നിരീക്ഷണ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മെഹര്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
ഇറാഖിലെ താജ് സൈനിക താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ആളപായമില്ലെന്നാണ് റിപോര്‍ട്ട്.
ഇറാനെതിരേ തിരിച്ചടിയില്ലെന്ന് അമേരിക്ക
തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇറാന്റെ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ദോഹയിലെ യു.എസ് വ്യോമതാവളത്തെ ഇറാനും ആക്രമിച്ചത്. ആറുമുസൈലികളായിരുന്നു ഇറാന്‍ യു.എസ് വ്യോമതാവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. വന്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്നു നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ പ്രദേശത്താണ് യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. 1996 ലെ പ്രതിരോധ കരാറിനെ തുടര്‍ന്നാണ് താവളം സ്ഥാപിച്ചത്. ഇവിടെ 10,000 യു.എസ് സൈനികരുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്. അതേസമയം, മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.


