ഇറാനെതിരായ യുദ്ധത്തില്‍ സൈനികരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് ഇസ്രായേലിനെ സഹായിച്ചത് വിപുലമായ ചാരശൃംഖലയായിരുന്നു. (Mossad spy catherine shakdam in Iran) ഇവരില്‍ പ്രധാനിയാണ് ചാര സുന്ദരി കാതറിന്‍ പെരസ്-ഷെക്ദം.
|
ഇറാനില്‍ നുഴഞ്ഞുകയറി 100 ലേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ താല്‍ക്കാലിക വിവാഹം ചെയ്ത് അവരുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് മാധ്യമ പ്രവര്‍ത്തകയായ കാതറിന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത്. യമനി പൗരനെ വിവാഹം ചെയ്ത മുസ്ലിം വനിത എന്ന നിലയില്‍, ഫ്രഞ്ച് പാസ്പോര്‍ട്ടിലാണ് കാതറീന്‍ ഇറാനില്‍ പ്രവേശിച്ചത്. ഇറാനിലെ മതപുരോഹിതരില്‍ നിന്ന് ശിയാ വിശ്വാസം പഠിക്കാനെന്ന വ്യാജേനയാണ് ഇവര്‍ രാജ്യത്തെത്തിയത്.
വൈകാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലിം ഖാംനഇയുമായും റവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അടുപ്പം സ്ഥാപിച്ച ഇവര്‍ മുന്‍ ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറാനില്‍ ഈയിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയതും കാതറിന്‍ ആയിരുന്നു.
ALSO READ: ഇറാന്‍ പറ്റിച്ചു; ഇസ്രായേല്‍ ‘ബോംബിട്ടു കൊന്ന’ ഖുദ്‌സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാനി വിജയാഘോഷത്തില്‍
താല്‍ക്കാലിക വിവാഹമെന്ന പേരില്‍ ശിയാക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിവാഹത്തിലൂടെ 100 ലേറെ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ താന്‍ കെണിയില്‍ വീഴ്ത്തിയതായി കാതറീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ മതനേതാക്കളാണ് സുപ്രധാന വിവരങ്ങള്‍ ലഭിക്കുന്ന തന്റെ പ്രധാന ഉറവിടങ്ങളെന്നായിരുന്നു കാതറിന്റെ വെളിപ്പെടുത്തല്‍.

ഇവരില്‍ ഭൂരിഭാഗവും തെഹ്റാനില്‍ ഉന്നത സര്‍ക്കാര്‍ തസ്തികകള്‍ വഹിക്കുന്നവരായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായും കാതറിന്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഇത് ഉപയോഗിച്ച് ഏത് സമയത്തും അവരുടെ വീട്ടിലേക്ക് കടന്നുവരാനും ഇവര്‍ക്ക് സാധിച്ചു.
മതകാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള തന്റെ താല്‍പര്യമാണ് ഇറാന്‍ ഗവണ്‍മെന്റിലെ പുരോഹിതരുമായി ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്. അപ്പോയിന്റ്മെന്റ് നിര്‍ണയിച്ച് മതപുരോഹിതരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ താല്‍ക്കാലിക വിവാഹബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം താന്‍ പ്രകടിപ്പിക്കുകയായിരുന്നു.
ഇറാന്‍ പാര്‍ലമെന്റിന്റെ രഹസ്യ യോഗത്തില്‍ നടന്ന മുഴുവന്‍ ചര്‍ച്ചകളെ കുറിച്ചും രാജ്യത്തിന്റെ രഹസ്യങ്ങളും ഒരു പാര്‍ലമെന്റ് അംഗം ലൈംഗിക കേളികള്‍ക്കിടെ സ്വമേധയാ തനിക്കു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നെന്നും കാതറീന്‍ പറഞ്ഞു.
തെഹ്റാനില്‍ ഇസ്രായില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ കൊലപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാകേന്ദ്രത്തില്‍ ഹനിയ്യ താമസിക്കുന്ന മുറി കൃത്യമായി മനസ്സിലാക്കാന്‍ ഇസ്രായേലിനെ സഹായിച്ചത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും നുഴഞ്ഞുകയറിയ മൊസാദിന്റെ ഒറ്റുകാരായിരുന്നു.

ഏറ്റവു പുതിയ ആക്രമണത്തിലും ഇറാനിലെ ഇസ്രായിലിന്റെ ചാരസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. ഇന്നലെ മൂന്നു പേരെയാണ് മൊസാദുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിരവധി പേരെ ഇതോടകം വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. ചാര പ്രവര്‍ത്തനത്തിന് ഉപയോഗിച്ച 10,0000ലേറെ ഡ്രോണുകളും ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇറാനില്‍ ഇതിനു മുമ്പും ഇസ്രായില്‍ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് അതീവ കൃത്യതോടെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍ സൈനിക മേധാവികളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സിറിയയിലും ലെബനോനിലും വെച്ച് അവരെ വകവരുത്തുന്നതിലും ഇസ്രായില്‍ നിരന്തരം വിജയിക്കുന്നു.
ഏറ്റവും മികച്ച ആണവ ശാസ്ത്രജ്ഞനായ മുഹ്സിന്‍ ഫഖ്രി സാദ അടക്കം ഇറാനില്‍ ഒരു ഡസനിലേറെ ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ഇസ്രായില്‍ നേരത്തെ വധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തിലും നിരവധി ആണവശാസ്ത്രജ്ഞരെ ഇസ്രായില്‍ കൊലപ്പെടുത്തി. ഇതിന് പിന്നിലും ചാരന്‍മാരുടെ സഹായമായിരുന്നു.
2020 ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന റോബോട്ട് ഉപയോഗിച്ചാണ് മുഹ്സിന്‍ ഫഖ്രി സാദയെ ഇസ്രായില്‍ വധിച്ചത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇസ്രായില്‍ അട്ടിമറിക്കുകയും ഗ്യാസ് പൈപ്പ്ലൈനുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്‍പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ പറഞ്ഞു.
സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്നും ഡേവിഡ് അവകാശപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ അപൂര്‍വ വീഡിയോകള്‍ മൊസാദ് പുറത്തുവിട്ടു. ഏജന്റുമാരുടെ മുഖം മറച്ച വീഡിയോകള്‍, ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ കാണിക്കുന്നു. രഹസ്യ ഓപ്പറേഷനുകളിലൂടെ ഈ ഡ്രോണുകളില്‍ ചിലത് ഇറാനകത്തു നിന്നാണ് വിക്ഷേപിച്ചത്.


