15
Jun 2025
Thu
15 Jun 2025 Thu
Ismail Qaani

തെഹ്‌റാന്‍: മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ട ഇറാന്റെ ഐ.ആര്‍.ജി.സിയുടെ ഖുദ്‌സ് വിഭാഗം കമാന്‍ഡര്‍ ഇസ്മാഈല്‍ ഖാനി തെഹ്‌റാനില്‍ യുദ്ധവിജയാഘോഷത്തില്‍ പങ്കെടുത്തു. (Iran Quds force leader Ismail Qaani alive) ഖാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ അവകാശവാദം ഇറാനും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഖാനിയെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച ഇറാന്‍ ഇസ്രായേലിനെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെഹ്‌റാനിലെ വിജയാഘോഷത്തില്‍ ഖാനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

‘ഓപറേഷന്‍ റൈസിങ് ലയണ്‍’ എന്ന പേരില്‍ ഇസ്രായേല്‍ ജൂണ്‍ 13ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് ഖുദ്‌സ് സേനയുടെ തലവനായ ഖാനിയെ വധിച്ചതായി അവകാശപ്പെട്ടത്. വ്യോമാക്രമണത്തില്‍ ഖാനി കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഖാനിയുടെ ‘മരണം’ സംബന്ധിച്ച് ഇറാന്‍ ഇസ്രായേലിനെ കബളിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഇന്ത്യന്‍ വേരുകളുള്ള സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറാവും; ഇസ്രായേല്‍ വംശഹത്യയ്‌ക്കെതിരായ കരുത്തുറ്റ ശബ്ദം

ഇതാദ്യമായല്ല ഇസ്മാഈല്‍ ഖാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2024 ഒക്ടോബറില്‍ ബൈറൂത്തിലുണ്ടായ ആക്രമണത്തില്‍ ഖാനി കൊല്ലപ്പെട്ടതായി വ്യാപക പ്രചാരണമുണ്ടായിരുന്നു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ ഇസ്രായേല്‍ വധിച്ച സമയത്തായിരുന്നു ഇത്. ഏറെക്കാലത്തിന് ശേഷം ഖാനി വീണ്ടും പൊതുമധ്യത്തിലെത്തുകയായിരുന്നു.

ഇറാന്റെ സൈനിക ഓപ്പറേഷനുകളുടെ മാസ്റ്റര്‍ ബ്രെയിനാണ് ഖാനി. 2020 ജനുവരി മൂന്നിന് ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യു.എസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ ഇസ്മായില്‍ ഖാനി പിന്‍ഗാമിയായി ചുമതലയേറ്റത്.