റിയാദ്: സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനൽ കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചു. എന്നാൽ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ട്. ഏതൊരു കീഴ്ക്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ പോകുന്നത് പതിവാണെന്നും അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും റിയാദ് സഹായസമിതി പ്രതികരിച്ചു. കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാൻ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരിൽനിന്ന് മനസിലാക്കാൻ കഴിഞ്ഞതെന്നും സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
ഇക്കഴിഞ്ഞ മേയ് 26നാണ് റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി ഉത്തരവുണ്ടായത്. ഇതിനകം 19 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയതിനാൽ അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കാനായി അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കുവാനാണ് അബ്ദുറഹീം നിയമ സഹായ സമിതി ഉദ്ദേശിക്കുന്നത്. കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽമോചനം നീളുവാനുള്ള സാധ്യത കണക്കിലെടുത്താണ് കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതുകൊണ്ട് എത്രയും വേഗം ജയിൽ മോചനത്തിനായുള്ള ദയ ഹർജി നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇക്കാര്യത്തിൽ കോടതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും. അതേസമയം തടവുകാലം 19 വർഷം പൂർത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണെന്നും സഹായസമിതി വാർത്താക്കുറിപ്പിൽ പറഞ്ഞു.


