തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ സി.പി.എമ്മിന്റെ അനിഷ്ടം സമ്പാദിച്ച റവഡ ചന്ദ്രശേഖര്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് സംസ്ഥാന പോലീസിന്റെ തലപ്പത്തേക്ക് വരുന്നത്. (New police chief is close to Modi) കേന്ദ്രസര്‍ക്കാരുമായും കേന്ദ്ര ഏജന്‍സികളുമായും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് റവഡയെ കൊണ്ടുവന്നതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
|
മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് റവഡ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും മുന്‍ ബി.എസ്.എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ വെട്ടി റവഡ ചന്ദ്രശേഖറെ പരിഗണിക്കാനിടയാക്കി.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി) സ്പെഷല്‍ ഡയറക്ടറായ റവഡ, ഐ.ബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഡി.ജി.പി മനോജ് എബ്രാമിനെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്‍, തപന്‍കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെ, റവഡ കേരളത്തിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുകയായിരുന്നു.
തമ്മില്‍ ഭേദമെന്ന് പിണറായി
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനായി യു.പി.എസ്.സി തയാറാക്കിയ പട്ടികയിലെ മൂന്നുപേരില്‍ തമ്മില്‍ ഭേദം റവഡ ചന്ദ്രശേഖറെന്നും അതിനാലാണ് നിയമിക്കുന്നതെന്നും മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി. മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പേരുകള്‍ യോഗത്തില്‍ പറഞ്ഞത്. തുടര്‍ന്ന് മൂന്നുപേരെക്കുറിച്ചുമുള്ള ലഘുവിവരണവും നടത്തി.
റോഡ് സുരക്ഷ കമീഷണര്‍ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ആദ്യ പേരുകാരന്‍. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് മേധാവിയായിരിക്കെ, പാകിസ്താന്‍ അതിര്‍ത്തി വഴിയുള്ള കടന്നുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേന്ദ്രം മാതൃ സര്‍വിസിലേക്ക് മടക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
റവഡ ചന്ദ്രശേഖറിനെക്കുറിച്ചുള്ള വിവരണത്തില്‍ റവഡ എ.എ.എസ്.പിയായിരിക്കെ, കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ മരിച്ച കാര്യം മുഖ്യമന്ത്രി മിണ്ടിയില്ല.
അതൃപ്തി പ്രകടമാക്കി ജയരാജന്‍
കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് കണ്ണൂര്‍ എ.സി.പിയായിരുന്ന റവഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതില്‍ അതൃപ്തി പ്രകടമാക്കി സി.പി.എം നേതാവ് പി. ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പില്‍ റവഡ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റവഡ ഒറ്റക്കല്ല, പലരും ചേര്‍ന്നാണ് ലാത്തിച്ചാര്‍ജിനും വെടിവെപ്പിനുമൊക്കെ ഇടയാക്കിയ സംഘര്‍ഷമുണ്ടാക്കിയതെന്നും ജയരാജന്‍ വിശദീകരിച്ചു.


