കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(popular front of India)യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകള്‍ ജപ്തി ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(NIA)ക്ക് തിരിച്ചടി. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കൊച്ചിയിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതി റദ്ദാക്കി. എന്‍ഐഎയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2022 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം ചെയ്യുന്ന ഹരജികളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടുമായി നേരത്തെ ബന്ധമുണ്ടായിരുന്ന സ്വകാര്യ വ്യക്തികളും ട്രസ്റ്റികളും സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
|
ജപ്തി റദ്ദാക്കിയ സ്വത്തുക്കളില്‍ മലപ്പുറം മഞ്ചേരി കാരാപറമ്പിലെ ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളവ, മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസ സേട്ട് പള്ളിയുടെ പരിസരം, പട്ടാമ്പിയിലെ ഷോപ്പിങ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റ് ഹൗസ് കെട്ടിടം തുടങ്ങിയവയാണ് വിട്ടുകൊടുക്കാന്‍ ഉത്തരവായ മറ്റ് സ്വത്തുക്കള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു എന്‍ഐഎ ഇവയെല്ലാം പൂട്ടി മുദ്രവച്ച് ജപ്തിചെയ്ത് കണ്ടുകെട്ടിയത്.
പോപുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ ഗ്രീന്‍വാലി
രാജ്യത്ത് പോപുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാന കേന്ദ്രമായ ഗ്രീന്‍വാലി, നിരോധനത്തെത്തുടര്‍ന്ന് എന്‍ഐഎയുടെ നടപടി നേരിട്ട പ്രധാനപ്പെട്ട സ്ഥലമായിരുന്നു. മുന്‍ പിഎഫ്‌ഐ നേതാക്കളാണ് ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ട്രസ്റ്റികളെന്നും അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നുമാണ് എന്‍ഐഎ ചൂണ്ടിക്കാട്ടിയത്. പള്ളി, കോളേജ്, ഓഫീസ്, സ്റ്റുഡന്റ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഗ്രീന്‍വാലിയിലുള്ളത്.
സംഘടനയുടെ കേഡര്‍മാരെ താമസിപ്പിക്കാനും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും നിര്‍മ്മിക്കാനും ഉപയോഗിക്കുന്നതിനും പരിശീലനം നടത്താനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നതെന്നാണ് എന്‍ഐഎ ആരോപിച്ചത്. എന്നാല്‍ പിഎഫ്‌ഐയും അതിന്റെ പഴയ രൂപമായ നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടും (NDF) രൂപീകരിക്കുന്നതിനും മുമ്പുതന്നെ ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ വാദിച്ചു. 1993 ല്‍ സ്ഥാപിച്ച ഗ്രീന്‍ വാലിയുടെ ആസ്തികള്‍ തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ട്രസ്റ്റ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്‍ഐഎ കേസില്‍ പ്രതിയായ അംഗങ്ങളാരും നിലവിലെ ട്രസ്റ്റില്‍ ഇല്ല. പിഎഫ്‌ഐയുടെ മുന്‍ വൈസ് ചെയര്‍മാനും ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായ ഇ.എം അബ്ദുര്‍റഹ്മാനെ എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ട്രസ്റ്റുമായി വളരെ ചെറിയകാലം മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ കേട്ട കോടതി, ഇതിലെ ഏതെങ്കിലും സ്വത്തുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ ലഭിച്ചതാണെന്ന് സൂചിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നടപടികള്‍ ആരംഭിക്കുന്നതിന് തടസ്സമാകില്ലെന്ന് ജപ്തി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ജപ്തി റദ്ദാക്കിയ സ്വത്തുക്കള്‍
1. ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ ട്രസ്റ്റ്, പുല്‍പ്പറ്റ, മലപ്പുറം
2. കോഴിക്കോട് മീഞ്ചന്തയില്‍ ഒബെലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡെവലപ്പര്‍മാരുടെ Untiy House
3. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദിന്റെ ഷോപ്പിങ് കോംപ്ലക്‌സ്
4. കാരുണ്യ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സ്വത്ത്, കരുനാഗപ്പള്ളി, കൊല്ലം
5. പന്തളം എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലവും കെട്ടിടവും, പന്തളം
6. തൃശൂര്‍ ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം
7. വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ സ്വത്ത്
8. ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിന്റെ ഭൂമി
9. പാലക്കാട് പട്ടാമ്പി കല്‍പക ജംഗ്ഷനില്‍ കെ ടി അസീസിന്റെ ഷോപ്പിങ് കോംപ്ലക്‌സ്
10. ആലപ്പുഴ സോഷ്യല്‍ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ്, ആലപ്പുഴ


