ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ യെമനിലെ സന ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും. (Nimisha priya death sentence postponement) ഈ മാസം പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു.
|
എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് വധശിക്ഷ മാറ്റിവച്ചേക്കും എന്ന സൂചനയാണുള്ളത്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലാണ് നിര്‍ണായകമായത്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത് എന്നാണ് വിവരം.
യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. തലാലിന്റെ സഹോദരനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടത്.
നിമിഷ പ്രിയയുടെ മോചനത്തിനായി അതിവേഗ നീക്കമാണ് നിലവില്‍ നടക്കുന്നതെന്ന് മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിനോ ഇതുവരെ സാധിച്ചിരുന്നില്ല.
യെമനിലെ സംഘര്‍ഷ സഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളുമായിരുന്നു ഇതിന് കാരണം. നിമിഷ പ്രിയ കഴിയുന്ന സന പ്രദേശം ഭരിക്കുന്ന ഹൂത്തി ഭരണകൂടവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമില്ലാത്തതും തടസ്സമായി.
യെമനിലേക്ക് ചര്‍ച്ചക്കായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് പോകാനുള്ള പ്രയാസങ്ങളും നിലനിന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ ഗ്രാമ മുഖ്യന്‍മാര്‍ വഴി മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ഇതിനെ മറികടക്കാന്‍ നിരവധി കടമ്പകളുണ്ടായിരുന്നു.
നേരത്തെ ഈ വഴിയുള്ള ചര്‍ച്ചകള്‍ക്കായി ഏറെ ശ്രമം നടന്നെങ്കിലും അതും പൂര്‍ണമായി വിജയിച്ചില്ല. നിരവധി പ്രതിസന്ധികള്‍ക്കിടയിലും മോചന ശ്രമം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് വീണ്ടും അറിയിപ്പുണ്ടായത്. യെമനിലെ സൂഫീ പണ്ഡിതരുമായി എപി അബൂബക്കര് മുസ്‌ലിയാര്‍ക്കുള്ള വ്യക്തിബന്ധമാണ് ഒടുവില്‍ നിര്‍ണായകമായത്.


