റിയാദ്: സിറിയയിലെ ഇസ്രായേലിന്റെ ഇടപടെല്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. (Israel’s intervention in Syria is unacceptable; Saudi Arabia) സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ ഷറായുമായി ഫോണില്‍ സംസാരിക്കവേയാണ് കിരീടാവകാശി സൗദിയുടെ ഉറച്ച പിന്തുണ അറിയിച്ചത്. രാജ്യത്ത് ഭിന്നത വിതക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള ഏതൊരു ശ്രമവും തടയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അതേസമയം സിറിയയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കാന്‍ ലോകത്തിന് ബാധ്യതയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യു.എസ് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെയും ആഭ്യന്തര കാര്യങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ഇടപെടലുകളെയും സൗദി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തടയേണ്ടതുണ്ട്. സുരക്ഷ കൈവരിക്കുന്നതിനും നിയമവാഴ്ച മേഖലയിലുടനീളം വ്യാപിപ്പിക്കുന്നതിനും സിറിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണക്കും. ഇക്കാര്യത്തില്‍ യോജിച്ച ശ്രമങ്ങള്‍ നടത്തേണ്ടതിന്റെയും ആ രാജ്യത്തെ ഐക്യം സംരക്ഷിക്കുകയും സിവില്‍ സമാധാനം കൈവരിക്കുകയും ചെയ്യേണ്ടതിന്റെയും പ്രധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. സിറിയയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.


