സൗരോര്‍ജ വൈദ്യുതി വന്‍ ബാധ്യതയാണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. പുനരുപയോഗ ചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പില്‍ സോളാര്‍ സംബന്ധിച്ച നഷ്ടക്കണക്കുകള്‍ കെ.എസ്.ഇ.ബി അവതിരിപ്പിച്ചിരുന്നു. ഇതിനുപുറമേയാണ് ഡയറക്ടര്‍ ബോര്‍ഡ് അനുമതിയോടെ ചൊവ്വാഴ്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്തെ സോളാര്‍ വൈദ്യുതോല്‍പ്പാദനരംഗത്ത് വലിയ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുനരുപയോഗ ഊര്‍ജ ചട്ട ഭേദഗതി ബില്‍ പരിഗണിക്കാനിരിക്കെയാണ് കെ.എസ്.ഇ.ബി നഷ്ടക്കണക്കുമായി എത്തിയിരിക്കുന്നത്.
|
സംസ്ഥാനത്തെ 1.3 കോടിയിലേറെ വൈദ്യുതി ഉപഭോക്താക്കളില്‍ രണ്ടര ലക്ഷത്തില്‍പരം പേര്‍ മാത്രമാണ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നിലവിലെ നിയമപ്രകാരം സോളാര്‍ പ്ലാന്റില്‍നിന്ന് പകല്‍ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി, ആവശ്യകത കൂടുതലുള്ള വൈകുന്നേരങ്ങളില്‍ (പീക്ക് മണിക്കൂറുകള്‍) തിരികെ കെ.എസ്.ഇ.ബി നല്‍കണം. ഈ സമയത്ത് വിപണിയില്‍ വൈദ്യുതിയുടെ ലഭ്യത കുറവും വില കൂടുതലുമായതിനാല്‍ ഇത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തികാഘാതമാണുണ്ടാക്കുന്നതായാണ് അവകാശപ്പെടുന്നത്.
2024-25ല്‍ ഇത് 500 കോടി രൂപയിലധികമായിരുന്നു. ഇതുമൂലം എല്ലാ ഉപഭോക്താക്കള്‍ക്കും യൂനിറ്റിന് 19 പൈസയുടെ അധികഭാരമുണ്ടാകും. ബാറ്ററി സ്റ്റോറേജില്ലാതെ മൂന്ന് കിലോവാട്ടിന് മുകളിലുള്ള പ്ലാന്റുകള്‍ ഇനിയും സ്ഥാപിച്ചാല്‍ അധികച്ചെലവ് നിലവിലെ 19 പെസയില്‍നിന്ന് വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും കെഎസ്ഇബി പറയുന്നു. ഈ പ്രവണത തുടരുകയാണെങ്കില്‍ 2034-35 ആകുമ്പോഴേക്കും യൂനിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരും.
പകല്‍ ഉപയോഗം കുറഞ്ഞ കേരളത്തില്‍ അധികമായി ഉല്‍പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി ഗ്രിഡില്‍ ഉയര്‍ന്ന വോള്‍ട്ടേജുണ്ടാകാനും ഗാര്‍ഹിക ഉപകരണങ്ങള്‍ കേടാവാനും സാധ്യത സൃഷ്ടിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാര്‍ പ്ലാന്റുകള്‍ നിശ്ചിതസമയം ഓഫ് ചെയ്യേണ്ട സാഹചര്യംപോലും ഭാവിയിലുണ്ടാകുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.


