25
Aug 2025
Fri
25 Aug 2025 Fri
death toll rose to 20 in jammu kashmir flash flood

ജമ്മുകശ്മിരിലെ മേഘവിസ്ഫോടനം: മരണം 46 ആയി, കൊല്ലപ്പെട്ടവരിൽ സൈനികരും, ഒരു പ്രദേശമാകെ ഒലിച്ചുപോയി; 200 പേരെ കാണാനില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗർ: ജമ്മു കശ്മിരിലെ കിഷ്ത്വാർ ജില്ലയിലെ ചഷോട്ടിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ രണ്ട് സൈനികരും ഉൾപ്പെടുന്നു. നൂറിൽ ഏറെ പേർക്കു പരുക്കുണ്ട്.

ദുരന്തസ്ഥലത്ത് 250ൽ ഏറെ പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മച്ചൈൽ മാതാ ക്ഷേത്ര തീർഥാടകരുടെ യാത്രാവഴിയാണ് ചഷോട്ടി മേഖല. 200 ഓളം പേരെ കാണാനില്ല.

ഇന്നലെ ഉച്ചയോടെയാണ് മേഘവിസ്ഫോടനമുണ്ടായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. വീടുകളും കെട്ടിടങ്ങളും തകർന്നു. മലവെള്ളവും കല്ലും ചെളിയും കുത്തിയൊലിച്ചുവന്നതോടെ പലർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
പരുക്കേറ്റവരെ രക്ഷാപ്രവർത്തകർ കിഷ്ത്വാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തസമയത്ത് നിരവധി നാട്ടുകാരും തീർഥാടകരും ഈ സ്ഥലത്തുണ്ടായിരുന്നതിനാൽ മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്. ദുരന്തമുണ്ടായതിന് സമീപത്തായി സി.ആർ.പി.എഫ് ക്യാംപും ഉണ്ടായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേന, ദുരന്ത പ്രതികരണ സേന, കരസേന എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.

അപകടത്തിൽപെട്ടവരെ കുറിച്ചുള്ള പൂർണ വിവരം ലഭ്യമായിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥ തെളിഞ്ഞാൽ വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം ആരംഭിക്കും. കിഷ്ത്വാറിൽനിന്ന് ഏറെ ദൂരെയുള്ള സ്ഥലമാണ് ചഷോട്ടി.

ചഷോട്ടിക്ക് പുറമെ പഹൽഗാമിലും ഗാന്ധാർബലിലും ഇന്നലെ മിന്നൽപ്രളയമുണ്ടായി. എന്നാൽ ആളപായമില്ല. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ, വിനോദ സഞ്ചാരികൾ എന്നിവർ ജാഗ്രത പാലിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും ജമ്മു കശ്മിർ സർക്കാർ അറിയിച്ചു. സംഭവത്തിൽ രാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അനുശോചിച്ചു.

45 dead, over 200 missing as cloudburst in J&K’s Kishtwar triggers flash flood