ജിഹാദി യോഗത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തയാളുടെ ജാമ്യം സുപ്രിം കോടതി ശരിവച്ചു. നേരത്തേ കര്‍ണാടക ഹൈക്കോടതി നല്കിയ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്.
|
ജസ്റ്റിസുമാരായ വിക്രം നാഥ്, കെ വി വിശ്വനാഥന് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കുറ്റാരോപിതനായ സലീം ഖാന്റെ ജാമ്യം ശരിവച്ചത്. സലീം ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അല്‍ ഹിന്ദ് എന്ന സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് സലീം ഖാനെ അറസ്റ്റ് ചെയ്തത്. ഈ സഘടന യുഎപിഎ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ അത്തരമൊരു സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത് പ്രഥമ ദൃഷ്ട്യാ കുറ്റകരമല്ല.
അതേ സമയം, സമാനമായ കേസില്‍ മുഹമ്മദ് സായിദ് എന്നയാള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉത്തരവും കോടതി ശരിവച്ചു. നിരോധിക്കപ്പെട്ട ഭീകര സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ ഡാര്‍ക്ക് വെബ്ബില്‍ സഹായം നല്‍കിയിരുന്നുവെന്നും ഹൈക്കോടതി കണ്ടെത്തിയതായും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, അഞ്ചര വര്‍ഷമായി ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ രണ്ട് വര്‍ഷത്തിനകം വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.


