കണ്ണപുരം കീഴറയില്‍ വാടകവീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. വീട് വാടകയ്ക്ക് എടുത്തിരുന്ന, പടക്ക വ്യാപാരിയായ അനൂപ് എന്നയാളുടെ തൊഴിലാളിയാണ് മുഹമ്മദ് ആഷാം.
|
സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്‍കിയ പരാതിയില്‍ എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജപേരാണെന്നും മുമ്പും സ്‌ഫോടന കേസുകളില്‍ പ്രതിയായ കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപാണ് ഇവിടെ താമസിച്ചിരുന്നതെന്നും വിവരമുണ്ട്. ഉത്സവങ്ങള്‍ക്കുള്‍പ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്.
2016ലെ പൊടിക്കുണ്ട് സ്‌ഫോടനക്കേസ് ഉള്‍പ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി.
ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ പടക്ക നിര്‍മാണ വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലേല്‍ക്കുകയും ചെയ്തു.
ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2016 മാര്‍ച്ച് 23നാണ് പൊടിക്കുണ്ടിലെ ഒരു വീട്ടില്‍ സൂക്ഷിച്ച പടക്ക സാമഗ്രികള്‍ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നത്. അലവില്‍ സ്വദേശിയായ അനൂപാണ് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട് വാടകക്ക് എടുത്തിരുന്നത്.
കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക് കോണ്‍ഗ്രസ് ബന്ധമുള്ളയാളാണെന്ന ആരോപണവുമായി സി.പി.എം രംഗത്ത്. ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നടന്നത് ബോംബ് നിര്‍മാണമാണെന്നും പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടില്‍ പല സമയത്തും രണ്ടുപേര്‍ ബൈക്കില്‍ വരാറുണ്ടെന്നും ഇവര്‍ നാട്ടുകാരോട് ഒന്നും സംസാരിക്കാറില്ലെന്നും സമീപവാസികള്‍ പറയുന്നു.
English Summary
The deceased in the explosion that took place in a rented house in Keezhara, Kannapuram has been identified. The deceased has been identified as Muhammed Asham, a native of Chalad. Muhammed Asham was an employee of Anoop, a firecracker merchant, who had rented the house.


