മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണിന്ന്. ‘ഇതൊരു ബര്‍ത്ത്ഡേ അല്ല. റീബര്‍ത്ത് ഡേ ആണ്. ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം,’ എന്നാണ് മമ്മൂട്ടിയുടെ ജന്മദിനത്തെ അടുത്ത സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്.
|
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആറുമാസമായി താരം ചെന്നൈയില്‍ വിശ്രമത്തിലാണ്. ആരാധകരും സഹപ്രവര്‍ത്തകരും അടക്കം മമ്മൂട്ടിയെ സ്നേഹിക്കുന്നവരെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മെഗാസ്റ്റാര്‍.
പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളര്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ ചാരി കടലിലേക്കു നോക്കി നില്ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുക. ‘എല്ലാവര്ക്കും, സര്‍വ്വശക്തനും സ്നേഹവും നന്ദിയും,’ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാര്‍ഥനകളോടെയാണ് സിനിമാ പ്രേമികള്‍ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. പുതിയ വേഷത്തില്‍ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ജിതിന് കെ. ജോസിന്റെ കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്തചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകള്‍. മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയില്‍ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കാകും മമ്മൂട്ടി ജോയിന്‍ ചെയ്യുക.
അനുഭവങ്ങളിലെ പാളിച്ചകള്‍ തിരുത്തിയ മുഹമ്മദ് കുട്ടി
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പില്‍, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് 1951 സപ്തംബര്‍ 7ന് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്മെന്റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്.
1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നൂറുകണക്കിന് സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍, ദേശീയ അവാര്‍ഡുകളും, ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്‍.
30 വര്‍ഷമായി വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും പലവിധ പ്രതിസന്ധികളെ മമ്മൂട്ടി തരണം ചെയ്യുന്നു. ഇതും തരണം ചെയ്യും. ഇതുവരെയും കീഴടക്കാത്ത പ്രായത്തെ തോല്‍പ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ തിരിച്ചുവരും. ഇനിയും നൂറുകണക്കിന് നായകന്മാര്ക്ക് കാമ്പും കാതലും നല്‍കും. ആ നിമിഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.


