25
Sep 2025
Tue
25 Sep 2025 Tue
one more amoebic encephalitis death case reported

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വര ബാധ വര്‍ധിക്കുന്നു. രോഗം ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. മരണത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്നലെ രണ്ടുപേര്‍ക്കും കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രോഗത്തിന്റെ ഉറവിടമറിയാതെ നട്ടംതിരിയുകയാണ് ആരോഗ്യ വകുപ്പ്. രോഗബാധ ആദ്യം ജലായശങ്ങളില്‍ കുളിച്ചവര്‍ക്കായിരുന്നെങ്കില്‍ പിന്നീട് വീട്ടില്‍ നിന്ന് കുളിച്ചവര്‍ക്കും രോഗം പിടിപെട്ടു. പ്രതിരോധ മാര്‍ഗങ്ങളിലും അവ്യക്തത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കുളത്തിലും നീന്തല്‍ക്കുളത്തിലും നീന്തുമ്പോള്‍ ശക്തമായി മൂക്കില്‍ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടില്‍ മാത്രം കുളിച്ചവര്‍ക്കും രോഗം വന്നതോടെ സാഹചര്യം മാറി. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.

രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം. രാജ്യാന്തര തലത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാല്‍, കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്.

നീന്തുമ്പോഴും ജലാശയത്തില്‍ കുളിക്കുമ്പോവും മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കാം എന്നത് നടപ്പാക്കാമെന്നതാണ് പൊതുവായ നിര്‍ദേശം. വീട്ടിലെ ഷവറില്‍ കുളിച്ചവര്‍ക്കും രോഗബാധയുണ്ടായെന്ന സംശയം നിലനില്‍ക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ വ്യക്തതയുള്ളതാകണമെന്ന ആവശ്യം ഉയരുകയാണ്.